| Monday, 17th April 2023, 5:41 pm

കണ്ണൂരുള്ള മുസ്‌ലിം കല്യാണങ്ങളില്‍ സ്ത്രീകളെ അടുക്കള ഭാഗത്താണ് ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്; ഇപ്പോഴും അങ്ങനെയാണ്: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ഇര്‍ഷാദ് പെരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയല്‍വാശി. കോമഡി ഴോണറില്‍ കഥ പറയുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നിഖില വിമല്‍, ലിജോ മോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ കണ്ണൂര്‍ കല്ല്യാണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നിഖില വിമല്‍. തന്റെ നാട്ടിലെ മുസ് ലിം കല്യാണങ്ങളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് നിന്ന് ഭക്ഷണം കൊടുക്കുന്ന പ്രവണതയുണ്ടെന്നാണ് നിഖില പറഞ്ഞത്.

അതിപ്പോഴും അങ്ങനെ തന്നെയാണ് തുടരുന്നതെന്നും അതിന്റെ പിന്നിലുള്ള കാരണമെന്താണെന്ന് തനിക്കറിയില്ലെന്നും നിഖില പറഞ്ഞു. ഇന്ത്യന്‍ സിനിമ ഗ്യാലറിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പരാമര്‍ശം.

‘നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്‌ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്‌ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്.

ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്. വലിയ മാറ്റമൊന്നും വന്നിട്ടില്ല. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും കഴിക്കുന്ന രീതിയാണുള്ളത്.

അതുപോലെ അവിടെയുള്ള മറ്റൊരു കാര്യമാണ്, ആണുങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ വന്ന് താമസിക്കുന്നത്. അവരെ പുതിയാപ്ല എന്നാണ് വിളിക്കാറുള്ളത്. അവര്‍ മരിക്കുന്നതുവരെ പുതിയാപ്ലമാരാണ്.

അവര്‍ എപ്പോള്‍ വന്നാലും ഭയങ്കരമായിട്ട് സല്‍ക്കരിക്കുകയൊക്കെ വേണം. മരിച്ചാല്‍ പോലും പുതിയാപ്ല മരിച്ചെന്നാണ് പറയുക. ഇതൊക്കെയാണ് നാട്ടിലെ കല്യാണമെന്ന് പറയുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത്,’ നിഖില വിമല്‍ പറഞ്ഞു.

Content Highlight: nikhila vimal talk about kannur kalyanam

We use cookies to give you the best possible experience. Learn more