| Tuesday, 31st December 2024, 1:13 pm

പല്ലിലെ ക്ലിപ്പ് അഴിക്കാൻ പറഞ്ഞപ്പോൾ ഞാൻ ഉപേക്ഷിച്ച ആ സിനിമ ഒടുവിൽ സൂപ്പർഹിറ്റായി: നിഖില വിമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ലവ് 24×7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി.

തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറാന്‍ നിഖിലക്ക് കഴിഞ്ഞു. മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടിയ ചിത്രമായ വാഴൈയിലും നിഖില പ്രധാന വേഷത്തിൽ എത്തിയിരുന്നു.

കരിയറിന്റെ തുടക്കത്തിൽ തന്നെ തേടി വന്ന ഒരു തമിഴ് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നിഖില. തമിഴിൽ വലിയ വിജയമായി മാറിയ എങ്കേയും എപ്പോതും എന്ന സിനിമ തന്നെ തേടിയെത്തിയിരുന്നുവെന്നും അന്ന് പത്താം ക്ലാസിൽ പഠിക്കുകയായിരുന്നുവെന്നും നിഖില പറഞ്ഞു.

ആ സമയത്ത് താൻ പല്ലിൽ ക്ലിപ്പ് ഇട്ടിട്ടുണ്ടായിരുന്നുവെന്നും എന്നാൽ സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ അവരത് അഴിക്കാൻ പറഞ്ഞെന്നും നിഖില പറയുന്നു. തനിക്കത് ഒരു വലിയ പ്രഷറായി മാറിയെന്നും അവസാനം ആ സിനിമയിൽ നിന്ന് പിൻവാങ്ങിയെന്നും നിഖില കൂട്ടിച്ചേർത്തു. എം. ശരവണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജയ്, ശർവാനന്ദ്, അഞ്ജലി, അനന്യ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.

‘എങ്കെയും എപ്പോതും എന്ന സിനിമയുടെ കഥ ഞാൻ വൺ ലൈനായി കേട്ടിട്ടുണ്ട്. പക്ഷെ ആ സമയത്ത് എനിക്ക് സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമല്ലായിരുന്നു. ഞാൻ ഒമ്പതാം ക്ലാസിലോ പത്താം ക്ലാസിലോ എങ്ങാനും പഠിക്കുമ്പോഴാണ് എങ്കേയും എപ്പോതിന്റെയും കഥ കേൾക്കുന്നത്.
അതൊരു സൂപ്പർ ഹിറ്റ്‌ സിനിമയാണ്. ആ സിനിമ ചെയ്യാത്തത് കൊണ്ടാണ് ഞാൻ ഇപ്പോഴും സിനിമ ചെയ്യുന്നത്. കാരണം ആ സിനിമ ഞാൻ ചെയ്തില്ലെന്ന് പറഞ്ഞ് ആളുകൾ ഓരോന്ന് പറഞ്ഞപ്പോഴാണ്, എന്താണ് ഈ സിനിമയിൽ ഉള്ളതെന്നറിയാനാണ് ഞാൻ വന്നത്.

അതിൽ നിന്ന് വിളിച്ചപ്പോൾ എനിക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാൻ പല്ലിൽ ക്ലിപ്പ് ഇട്ടിട്ടുണ്ടായിരുന്നു. എനിക്ക് പത്താം ക്ലാസ് വരെ പല്ലിൽ ക്ലിപ്പ് ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ അവരത് അഴിക്കണമെന്ന് പറഞ്ഞു. സാധാരണ ഒരു ഡോക്ടർ ഇടുന്ന ക്ലിപ്പ് മറ്റൊരാൾ അഴിക്കില്ല. പക്ഷെ അവർ പല സ്ഥലത്തും കൊണ്ടുപോയിട്ട് ക്ലിപ്പ് അഴിക്കാൻ പറയും.

പക്ഷെ എനിക്കത് ഒരു വലിയ പ്രഷറായി മാറി. കാരണം എനിക്കത് അഴിക്കാൻ ആഗ്രഹമില്ലായിരുന്നു. അങ്ങനെ ഓരോ പ്രശ്നമൊക്കെയായി അവസാനം ഞാൻ കരഞ്ഞു വിളിച്ചിട്ടൊക്കെയാണ് അവിടെ നിന്ന് തിരിച്ച് വന്നത്. പത്താം ക്ലാസിൽ അല്ലേ വലിയ ബോധമൊന്നുമില്ല,’നിഖില പറയുന്നു.

Content Highlight: Nikhila Vimal talk  About Engeyum Epothum Movie

We use cookies to give you the best possible experience. Learn more