| Wednesday, 18th September 2024, 10:45 am

മോട്ടിവേഷൻ വേണമെങ്കിൽ ഞാൻ ആ പാട്ട് കേൾക്കും, അതും മലയാളം വേർഷൻ: നിഖില വിമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24 x 7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി.

മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈയാണ് നിഖിലയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം. മികച്ച പ്രതികരണമാണ് വാഴൈക്ക് ലഭിക്കുന്നത്. മലയാളത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ അഭിനേതാക്കളോടൊപ്പമെല്ലാം നിഖില അഭിനയിച്ചു കഴിഞ്ഞു.

കെ.ജി.എഫ് എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലെ ധീര ധീര പാട്ടിനെ കുറിച്ച് പറയുകയാണ് നിഖില. ആ പാട്ടിന്റെ മലയാളം വേർഷൻ തനിക്ക് വലിയ ഇഷ്ടമാണെന്നും അത് കേൾക്കുമ്പോൾ തരിച്ച് വരുമെന്നും നിഖില പറയുന്നു. ജോ ആൻഡ്‌ ജോയിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോൾ എല്ലാവരും ആ പാട്ടാണ് കേട്ടുകൊണ്ടിരുന്നതെന്നും ആ പാട്ടിലെ ഡയലോഗടക്കം തനിക്ക് കേൾക്കണമെന്നും നിഖില പറഞ്ഞു. സ്കൈലാർക്ക് പിക്ചേഴ്സിനോട് സംസാരിക്കുകയായിരുന്നു നിഖില.

‘കെ.ജി.എഫിലെ ധീര ധീര പാട്ടിലെ, അതിന്റെ മലയാളം വേർഷൻ എനിക്ക് വലിയ ഇഷ്ടമാണ്. അത് കേൾക്കുമ്പോൾ ഇങ്ങനെ തരിച്ച് വരും. ജോ ആൻഡ്‌ ജോയിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോൾ അവരെല്ലാം സ്ഥിരമായി ആ പാട്ട് കേൾക്കുമായിരുന്നു.

മോട്ടിവേഷന് വേണ്ടിയാണ് ആ പാട്ടവർ സ്ഥിരം കേട്ടിരുന്നത്. ഇപ്പോൾ എനിക്ക് എന്തെങ്കിലും മോട്ടിവേഷൻ വേണമെങ്കിൽ ഞാൻ ആ പാട്ട് ഇരുന്ന് കേൾക്കും. ആ പാട്ട് തുടങ്ങുന്നതിന് മുമ്പ് ഒരു അപ്പൂപ്പൻ വരില്ലേ.

എന്നിട്ട് അയാൾ പറയും, അവൻ ആരാണെന്ന് അറിയുമോയെന്ന്. ആ ഡയലോഗിന് ശേഷമാണ് പാട്ട് തുടങ്ങുക. ആ ഡയലോഗ് വരെ എനിക്ക് കേൾക്കണം. അതുകൊണ്ട് ഞാൻ യൂട്യൂബിലാണ് ആ പാട്ട് വെക്കാറുള്ളത്. അത് കേൾക്കാൻ എനിക്കിഷ്ടമാണ്,’നിഖില വിമൽ പറയുന്നു.

Content Highlight: Nikhila Vimal Talk About Dheera Dheera Song In K.G.F

We use cookies to give you the best possible experience. Learn more