രാജുവേട്ടന് പ്രയാസമാവുമെന്ന് കരുതി അദ്ദേഹത്തെ മാറ്റി നിർത്തി, ഞാനും ബേസിലും നിർത്താതെ ചിരിയായിരുന്നു: നിഖില വിമൽ
Entertainment
രാജുവേട്ടന് പ്രയാസമാവുമെന്ന് കരുതി അദ്ദേഹത്തെ മാറ്റി നിർത്തി, ഞാനും ബേസിലും നിർത്താതെ ചിരിയായിരുന്നു: നിഖില വിമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th September 2024, 2:45 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷനും നേടിയിരുന്നു. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, ബൈജു സന്തോഷ് തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു.

ചിത്രത്തിലെ ഒരു കോമഡി സീനിനെ കുറിച്ച് സംസാരിക്കുകയാണ് നിഖില. ചിത്രത്തിൽ ബേസിലിന്റെ കഥാപാത്രത്തെ താൻ ആദ്യമായി കാണുന്ന സീനിൽ താനും ബേസിലും വലിയ ചിരിയായിരുന്നുവെന്നും പൃഥ്വിരാജിന് പ്രയാസമാവേണ്ടെന്ന് കരുതി അദ്ദേഹത്തെ മാറ്റി നിർത്തിയാണ് ആ സീൻ പൂർത്തിയാക്കിയതെന്നും നിഖില പറയുന്നു.

ഷോട്ടിൽ ബേസിൽ ജോസഫ് ഫോൺ എടുക്കാൻ മറക്കുന്നുണ്ടെന്നും ആ ഫോണെടുക്കാൻ ബേസിൽ തിരിച്ച് വരുന്നത് അപ്പോൾ ഉണ്ടാക്കിയ സീനാണെന്നും നിഖില പറയുന്നു. ഒറിജിനൽസ് ബൈ വീണയോട് സംസാരിക്കുകയായിരുന്നു നിഖില.

.’ഗുരുവായൂരമ്പല നടയിൽ ബേസിൽ എന്നെ കാണുന്ന ഭാഗമില്ലേ, അഴകിയ ലൈല പാട്ട് വരുന്ന സീൻ. അത് ഞങ്ങൾ പൃഥ്വി ചേട്ടനെ പറഞ്ഞ് വിട്ടാണ് ചെയ്തത്. കാരണം ഞങ്ങൾ രണ്ടുപേരും ചിരിച്ചിട്ട് തീരുന്നില്ലായിരുന്നു.

ഞങ്ങൾ അവസാനം പറഞ്ഞു, രാജുവേട്ടനെ മാറ്റി നിർത്തിയേക്ക്. അല്ലെങ്കിൽ പുള്ളിക്ക് ഒരു ബുദ്ധിമുട്ടാവും. ഒന്നാമത് പുള്ളിയാണ് അതിന്റെ പ്രൊഡ്യൂസർ. ആ സീൻ ഒരു പതിനെട്ട് ടേക്കൊക്കെ പോയിട്ടുണ്ട്. ഒന്നെങ്കിൽ ഞാൻ ചിരിക്കും അല്ലെങ്കിൽ ബേസിൽ ചേട്ടൻ ചിരിക്കും.

ഏട്ടത്തിയമ്മക്ക് കവർ കൊടുക്കുന്ന സീനാണത്. ഞങ്ങൾ വലിയ ചിരിയാണ്. ചിരിച്ചിട്ട് ആ സീൻ എടുക്കാൻ പറ്റുന്നില്ലായിരുന്നു. കുറെ നേരം കഴിഞ്ഞാണ് ബാക്കി ഷോട്ട് എടുത്തത്.

പക്ഷെ അതെടുക്കുന്നതിനിടയിൽ ബേസിൽ ചേട്ടൻ ഫോൺ മറന്ന് വെച്ചു. മൊത്തം സീൻ ഓക്കെയായി. പക്ഷെ ഫോൺ മറന്ന് വെച്ചു പോയി. അത് റീടേക്ക് പോയാൽ പാളുമായിരുന്നു. ഞാനും രാജുവേട്ടനും കൂടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ബേസിൽ ചേട്ടൻ വന്ന് ഫോൺ എടുത്ത് പോയി.

അത് അപ്പോൾ ഉണ്ടാക്കിയതാണ്. ഞങ്ങൾക്ക് ചിരിക്കാനും പറ്റില്ല. പുള്ളി വന്ന് എടുത്തിട്ട് പോയി. അനങ്ങാനും പറ്റില്ല, ചിരിക്കാനും പറ്റില്ല. അങ്ങനെയായിരുന്നു ആ സീൻ എടുത്തത്,’നിഖില പറയുന്നു.

Content Highlight: Nikhila Vimal Talk About Comody Seen’s In Guruvayurambala Nadayil Movie