| Tuesday, 9th May 2023, 1:33 pm

ഞാന്‍ ഒരു സ്ഥലത്ത് നിന്ന് അഭിനയിച്ച് കഴിയുമ്പാഴേക്കും ക്യാമറമാന്‍ അടക്കമുള്ള ഫുള്‍ ക്രൂ പോയിട്ടുണ്ടാകും; ആദ്യ തമിഴ് ചിത്രത്തിന്റെ അനുഭവം പങ്കുവെച്ച് നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വസന്ത മണി സംവിധാനം ചെയ്ത് എം. ശശികുമാര്‍, പ്രഭു, മിയ ജോര്‍ജ്, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തി 2016ല്‍ റിലീസായ സിനിമയാണ് വെട്ട്രിവേല്‍. തന്റെ ആദ്യ തമിഴ് ചിത്രമായ ഈ സിനിമയെക്കുറിച്ച് നിഖില വിമല്‍ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

താന്‍ ഒരു സ്ഥലത്ത് നിന്ന് അഭിനയിച്ച് കഴിയുമ്പാഴേക്കും ക്യാമറമാന്‍ അടക്കമുള്ള ഫുള്‍ ക്രൂ അവിടെ നിന്ന് പോകുമെന്ന് നിഖില പറഞ്ഞു. കൊത്ത് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമയി ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറയുന്നത്.

‘സിനിമയില്‍ ആദ്യത്തെ ഷെഡ്യൂളില്‍ ഒരു ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളു. അതുകഴിഞ്ഞാല്‍ അടുത്ത ഷെഡ്യൂളില്‍ ആയിരുന്നു വരേണ്ടത്. ആദ്യ ദിവസം ഞാന്‍ പോയപ്പോള്‍ ‘ഉന്ന പോലൊരുത്തനെ’ എന്ന സോങ് ആയിരുന്നു ഷൂട്ട് ചെയ്ത് കൊണ്ടിരുന്നത്.

അപ്പോള്‍ ഇവര്‍ എന്നോട് പറഞ്ഞു, അവിടെ പോയി നിന്ന് നാണിക്കാന്‍(ചിരിക്കുന്നു) ഞാന്‍ നാണിച്ചു കഴിയുമ്പോഴേക്കും ഇവര്‍ ക്യാമറ എടുത്ത് കൊണ്ടുപോകും. അപ്പോള്‍ ഞാന്‍ വിചാരിക്കും ചെയ്തത് നന്നാവാത്താത് കൊണ്ടാണോ എന്ന്. ക്യാമറാമാന്‍ പോയിക്കഴിഞ്ഞാല്‍ എല്ലാവരും പിന്നാലെ പോകും. കുറച്ച് കഴിയുമ്പോള്‍ അവര്‍ വേറെ സ്ഥലത്ത് ഷോട്ട് വെച്ചിട്ട് വീണ്ടും വിളിക്കും. എന്നിട്ട് എന്നോട് പറയും അഭിനയിക്കാന്‍. അത് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ വീണ്ടും പോകും.

വൈകുന്നേരം ആയപ്പോള്‍ ശശികുമാര്‍ സാറിന്റെ അടുത്ത് ഞാന്‍ പോകുകയാണെന്ന് പറയാന്‍ പോയപ്പോള്‍ അദ്ദേഹം നന്നായി ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. പിന്നീട് ഇവിടെ തിരിച്ചുവന്ന് നോക്കുമ്പോള്‍ വേറെ ആരുടെയോ പേരാണ് എനിക്ക് പകരം ഞാന്‍ കണ്ടത്.

അവര്‍ക്ക് വര്‍ക്ക് ആവാത്തതുകൊണ്ട് എന്നെ മാറ്റിയിട്ടുണ്ടാകും എന്ന് വിചാരിച്ചു. പിന്നീട് അടുത്ത ഷെഡ്യൂളില്‍ വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു ശരിക്കും ഞാന്‍ സിനിമയില്‍ ഉണ്ടോ എന്ന്. അപ്പോള്‍ അവര്‍ ഉണ്ട് എന്ന് പറഞ്ഞു. എന്നിട്ട് നിങ്ങളൊക്കെ അന്ന് എന്താണ് കാണിച്ചതെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഞങ്ങളൊക്കെ പൊതുവേ അങ്ങനെയാണ് എന്നാണ്.

ഒരാളെ ഒരു സ്ഥലത്ത് നിര്‍ത്തയിട്ട് ക്രൂ മൊത്തം പോകും. കുറച്ച് കഴിയുമ്പോള്‍ വന്ന് പറയും അവിടെ വിളിക്കുന്നുണ്ടെന്ന്. അവിടെ ചെല്ലുമ്പോള്‍, അസിസ്റ്റന്റും ഇല്ല ആരും ഇല്ല നമ്മള്‍ മാത്രം ഒരു സ്ഥലത്ത് നില്‍ക്കുന്നുണ്ടാകും എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ.

ഈ സംഭവം കഴിഞ്ഞതില്‍ പിന്നെ അവര്‍ എപ്പോഴും പറയും, നീ അത് അന്ന് പറഞ്ഞത് ഞങ്ങള്‍ ഓര്‍ക്കാറുണ്ട്, ഒരാളെ എവിടെയെങ്കിലും നിര്‍ത്തിയിട്ട് പോയാല്‍ തിരിച്ചുവിളിച്ചിട്ട് പോകണം എന്ന്,’ നിഖില വിമല്‍ പറഞ്ഞു.

Content Highlights: Nikhila Vimal shares the experience of her first Tamil film

We use cookies to give you the best possible experience. Learn more