പശുവിനെ കൊല്ലാനോ ഭക്ഷണമാക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്ന് നിഖില വിമല്‍. അത്തരത്തിലുള്ള സിസ്റ്റം ആളുകള്‍ ഉണ്ടാക്കിയെടുത്തതാണെന്നും ഒരു മൃഗത്തിന് മാത്രം പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്നും നിഖില വിമല്‍ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ജോ ആന്‍ഡ് ജോയുടെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു താരം.
ചെസ് കളിയില്‍ ജയിക്കാന്‍ എന്ത് ചെയ്യണം, എന്ന് കുസൃതി ചോദ്യമെന്ന രൂപേണ അവതാരകന്‍ ചോദിച്ചതിനാണ് താരം വ്യക്തമായി മറുപടി നല്‍കിയത്. കുതിരയെ വെട്ടുന്നതിന് പകരം കുതിരയെ മാറ്റി പശുവിനെ വെക്കാം, പശുവിനെ ആകുമ്പോള്‍ വെട്ടില്ലല്ലോ അങ്ങനെ കളിയില്‍ ജയിക്കാം എന്നാണ് അവതാരകന്‍ തന്നെ ഇതിന് ഉത്തരമായി പറയുന്നത്.
”പശുവിനെ വെച്ചാല്‍ ജയിക്കുമോ. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന്. അത് മോളില്, നമ്മുടെ നാട്ടില്‍ വെട്ടാം.
നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്‌നമല്ല.
മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗങ്ങളെയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടില്‍ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാത്തിനെയും വെട്ടണം.
ഇത് വലിയ ഡിബേറ്റിനുള്ള ടോപിക്കാണ്. വന്യമൃഗങ്ങളെ സംരക്ഷിക്കണം എന്ന് പറയുന്നത് അവറ്റകള്‍ക്ക് വംശനാശം സംഭവിക്കുന്നത് കൊണ്ടാണ്.
നമ്മുടെ നാട്ടിലെ കോഴിയെ കൊല്ലുന്നുണ്ടല്ലോ. കോഴിയെയും മീനിനെയും കഴിക്കാന്‍ പാടില്ല എന്ന് പറയുന്നില്ലല്ലോ. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ മുഴുവനായും വെജിറ്റേറിയന്‍ ആകുക. ഒരു സാധനത്തിന് മാത്രമായി ലോകത്ത് പരിഗണന കൊടുക്കരുത്. ഞാന്‍ അങ്ങനെ പരിഗണന കൊടുക്കുന്ന ഒരാളല്ല. ഞാന്‍ എന്തും കഴിക്കും. നിര്‍ത്തുകയാണെങ്കില്‍ എല്ലാം നിര്‍ത്തണം.
ഞാന്‍ പശുവിനെയും കഴിക്കും എരുമയെയും കഴിക്കും എല്ലാം കഴിക്കും,” നിഖില വിമല്‍ പറഞ്ഞു.
Content Highlight: Nikhila Vimal says there is no special consideration to cows in India and they also can be eaten