കോഴിക്കോട്: ബീഫ് കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞത് നിലപാടാണെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നടി നിഖില വിമല്‍. അതിന്റെ പേരില്‍ നടന്ന സൈബര്‍ ആക്രമണങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അത്തരം ആക്രമണങ്ങള്‍ ഗൗനിക്കാറില്ലെന്നും നിഖില പറഞ്ഞു.
അങ്ങനെയൊരു ചോദ്യം വന്നപ്പോള്‍ എല്ലാവരും അവരവരുടെ നിലപാടുകള്‍ പറയുന്നതുപോലെ ഞാനെന്റെ നിലപാട് പറഞ്ഞു. എല്ലാവര്‍ക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘എല്ലാവര്‍ക്കും നിലപാടുകളുണ്ട്. അത് ഉറക്കെ പറഞ്ഞത് കേട്ടതിന് സന്തോഷം. വ്യക്തിപരമായ എന്റെ നിലപാടാണ് ഞാന്‍ പറഞ്ഞത്. അത് തുറന്നു പറയാന്‍ എല്ലാവര്‍ക്കും കഴിയണം. സൈബര്‍ ആക്രമണം ഉണ്ടായതായി ഞാന്‍ പറഞ്ഞിട്ടില്ല.
മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നെ ബാധിക്കില്ല. സിനിമാ മേഖലയില്‍ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ചവരുണ്ട്,’ നിഖില പറഞ്ഞു.
ജോ ആന്‍ഡ് ജോയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായില്‍ എത്തിയ നിഖില വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ജോ ആന്‍ഡ് ജോ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍സ്റ്റോണ്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില പശുവിനെ പറ്റിയുള്ള പരാമര്‍ശം നടത്തിയത്. ‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്‌നമല്ല.
മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗത്തേയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടില്‍ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കില്‍ എല്ലാത്തിനെയും വെട്ടണം,’ എന്നാണ് നിഖില പറഞ്ഞത്.
CONTENT HIGHLIGHTS: Nikhila Vimal says that what she said about eating Beef is a stand and she stands by it