ജോ & ജോ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പശു കശാപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തെ തുടർന്ന് വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് നിഖില വിമൽ. പശുവിനെ കൊല്ലാനോ കഴിക്കാനോ പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്നായിരുന്നു നിഖിലയുടെ പരാമർശം.
പരാമർശം വിവാദമായതോടെ സിനിമയെ മോശമായി ബാധിക്കുമോ എന്ന ഭയമുണ്ടായിരുന്നു എന്ന് പറയുകയാണ് നടി. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ പരാമർശം. വിമർശനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. കൊത്ത് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു താരങ്ങൾ.
“എനിക്കാകെയുണ്ടായ ടെൻഷൻ അത് ജോ & ജോയുടെ റിലീസിന്റെ സമയത്തായിരുന്നു എന്നതാണ്. ഇനി ഇതുകൊണ്ട് സിനിമക്ക് എന്തെങ്കിലും പ്രശ്നം വരുമോ എന്നതേ ഉണ്ടായുള്ളൂ. അവരോട് പറഞ്ഞപ്പോൾ അവർ അതിലും ഹാപ്പി. നല്ലൊരു പ്രൊമോഷൻ അല്ലേ കിട്ടിയത്,” നിഖില പറയുന്നു.
ഇവൾക്കൊരു പണിയിരിക്കട്ടെ എന്ന് കരുതി ആരോ ചെയ്തതാണ് അതെന്നായിരുന്നു ആസിഫ് അലിയുടെ പ്രതികരണം.
“വിവാദമായ ഇന്റർവ്യൂവിൽ നിഖില പറഞ്ഞ മറുപടിയിൽ കഴിക്കുന്ന ഭക്ഷണത്തെ പറ്റി ‘ഞാനത് കഴിക്കും’ എന്ന് വളരെ ജെനുവിനായി പറഞ്ഞതാണ്. പിന്നെയാണ് ഇതിന് പല വ്യാഖ്യാനങ്ങളും വന്നത്. ഇതൊരെണ്ണം ഇറക്കി വിട്ടാൽ ഓടും എന്ന് കരുതി ആരോ ചെയ്ത പണിയാണ്. ഇവൾക്കൊരു പണിയിരിക്കട്ടെ,” ആസിഫ് അലി പറയുന്നു.
ആസിഫ് അലി-നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു കൊത്ത്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം കൊലപാതക രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയകുടിപ്പകയിൽ കത്തിയെരിഞ്ഞുപോകുന്ന കുടുംബങ്ങളെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.
Content Highlight: Nikhila vimal says she was tensed if her statement will affect the movie