സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ലവ് 24×7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറാന്‍ നിഖിലക്ക് കഴിഞ്ഞു.മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തി മികച്ച അഭിപ്രായം നേടിയ ചിത്രമാണ് വാഴൈ. ചിത്രത്തില്‍ നിഖിലയും അഭിനയിച്ചിരുന്നു. പൂങ്കൊടി എന്ന അധ്യാപികയായാണ് വാഴൈയില്‍ നിഖില എത്തിയത്. ചിത്രത്തിന്റെ കഥ സംവിധായകന്‍ തന്റെ അടുത്ത് പറഞ്ഞപ്പോള്‍ സൈക്കിള്‍ ഓടിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാല്‍ തനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലെന്നും നിഖില പറയുന്നു.
സൈക്കിള്‍ ഓടിക്കാന്‍ അറിയാത്തതിനാല്‍ ആ കഥാപാത്രം ഒരുപക്ഷെ തന്റെ കയ്യില്‍ നിന്നും പോയേനെയെന്നും അതുകൊണ്ട് ഷൂട്ടിന് അഞ്ച് ദിവസം മുന്‍പേ സൈക്കിള്‍ ഓടിക്കാന്‍ പഠിക്കാന്‍ തുടങ്ങിയെന്നും താരം കൂട്ടിച്ചേര്‍ത്തു. എസ്.എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില.
‘മാരി സാര്‍ കഥ പറയാമെന്ന് പറഞ്ഞ് എന്നെ വിളിച്ചുകൊണ്ടു പോയി. എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയില്ല. സാര്‍ കഥ പറയാന്‍ തുടങ്ങിയപ്പോള്‍ ഇതുപോലെ സൈക്കിള്‍ ഓടിച്ചുകൊണ്ടാണ് എന്നും രാവിലെ എന്റെ കഥാപാത്രം സ്‌കൂളിലേക്ക് പോകുന്നതെന്ന് പറഞ്ഞു.ഞാന്‍ അപ്പോള്‍ അദ്ദേഹത്തെ ഒരുമാതിരി നോക്കി. അപ്പോള്‍ എന്താണെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു. ‘നിനക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലേ, അതെന്താ എന്റെയടുത്ത് ഇതുവരെ പറയാത്തതെന്ന്’ അദ്ദേഹം ചോദിച്ചു. അല്ല സാര്‍ വെറുതെ ആരുടെയെങ്കിലും അടുത്ത് പോയി എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലെന്ന് ആരെങ്കിലും പറയുമോ, ചോദിച്ചാലല്ലേ പറയുവെന്ന് ഞാന്‍ മറുപടി നല്‍കി.
സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലെങ്കില്‍ ഇനി എന്ത് ചെയ്യുമെന്ന് പറഞ്ഞ് അദ്ദേഹം ടെന്‍ഷന്‍ ആകാന്‍ തുടങ്ങി. ഞാന്‍ ഷൂട്ട് തുടങ്ങുന്നതിന് മുന്നേ പഠിക്കാമെന്ന് പറഞ്ഞു. സൈക്കിള്‍ ഓടിക്കാന്‍ അറിയാത്തതുകൊണ്ട് ആ സിനിമ പോയാലോ. അങ്ങനെ ഷൂട്ടിന് അഞ്ച് ദിവസം മുമ്പ് ഞാന്‍ കൊച്ചിയിലൂടെ സൈക്കിള്‍ എടുത്തുകൊണ്ട് ഓടിക്കാന്‍ പഠിക്കാന്‍ തുടങ്ങി,’ നിഖില വിമല്‍ പറഞ്ഞു.
Content Highlight: Nikhila Vimal Says She Might Lost Her Character In Vaazhai Movie If She Doesn’t Know Cycling