സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24 7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി. മലയാളത്തിന് പുറെ തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈയാണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണമാണ് വാഴൈക്ക് ലഭിക്കുന്നത്.
തമിഴില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റെന്ന നിലയിലും തന്റെ സാന്നിധ്യം നിഖില അറിയിച്ചിട്ടുണ്ട്. മാരി സെല്‍വരാജിന്റെ രണ്ടാമത്തെ ചിത്രമായ കര്‍ണനില്‍ നായികയായ രജിഷ വിജയന് ഡബ്ബ് ചെയ്തത് നിഖിലയായിരുന്നു. എന്നാല്‍ വളരെക്കുറച്ച് പേര്‍ക്ക് മാത്രമേ ഇക്കാര്യം അറിയുള്ളൂവെന്നും നിഖില പറഞ്ഞു. ആ സിനിമക്ക് ഡബ്ബ് ചെയ്തതിന് ശേഷമാണ് ഡബ്ബിങ്ങിന് പ്രത്യേകം പ്രതിഫലം കിട്ടുമെന്ന കാര്യം താന്‍ അറിഞ്ഞതെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
അതുവരെ ഡബ്ബിങ്ങിന് പ്രതിഫലം കിട്ടുമെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നെന്നും അഭിനയിക്കുന്നതിനും ഡബ്ബ് ചെയ്യുന്നതിനും ഒരേ പ്രതിഫലമാണെന്ന് വിചാരിച്ചെന്നും നിഖില പറഞ്ഞു. കര്‍ണനില്‍ ഡബ്ബ് ചെയ്തതിന് ശേഷം മാരി സെല്‍വരാജിന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ വാഴൈയിലൂടെ സാധിച്ചെന്നും നിഖില കൂട്ടിച്ചേര്‍ത്തു. വാഴൈയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്.
‘മാരി സാറിന്റെ കൂടെ ഞാന്‍ ആദ്യമായി വര്‍ക്ക് ചെയ്യുന്നത് കര്‍ണനിലാണ്. അതില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. പകരം രജിഷയുടെ ക്യാരക്ടറിന് ഡബ്ബ് ചെയ്തത് ഞാനായിരുന്നു. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അക്കാര്യം അറിയുള്ളൂ. ആ സിനിമ കണ്ടിട്ട് കുറച്ചുപേര്‍ എന്നെ വിളിച്ചിട്ട് ഞാനാണോ ഡബ്ബ് ചെയ്തതെന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോള്‍ പൈസ എത്ര കിട്ടി എന്ന് ചോദിച്ചു. ഡബ്ബ് ചെയ്യുന്നതിന് പൈസ കിട്ടുമോ എന്ന് ഞാന്‍ തിരിച്ചുചോദിച്ചു.
ഡബ്ബിങ്ങിന് വേറെ പ്രതിഫലം കിട്ടുമെന്ന് അതുവരെ എനിക്കറിയില്ലായിരുന്നു. ‘ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളൊക്കെ ഫ്രീയായിട്ട് പണിയെടുക്കുകയാണെന്നാണോ വിചാരിച്ചിരിക്കുന്നത്’ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ ആ സമയത്ത് ചിന്തിച്ച് വെച്ചത് അഭിനയവും ഡബ്ബിങ്ങും ഒരുപോലെയാണെന്നും രണ്ടിനും ഒരേ പ്രതിഫലം ആയിരിക്കുമെന്നാണ്. അത്രക്കുള്ള അറിവേ അന്ന് ഉണ്ടായിരുന്നുള്ളൂ,’ നിഖില പറഞ്ഞു.
Content Highlight: Nikhila Vimal saying that she dubbed for Rajisha Vijayan in Karnan