| Monday, 3rd July 2023, 10:29 am

എന്റെ ഉള്ളിൽ ഒരു വില്ലത്തി കഥാപാത്രമുണ്ട്; ഞാൻ തീപ്പൊരി കമ്മ്യൂണിസ്റ്റുകാരി ആണെന്നാണ് ആളുകൾ വിചാരിക്കുന്നത്: നിഖില വിമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിൽ നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രങ്ങൾ ചെയ്യാൻ താൽപര്യമുണ്ടെന്ന് നടി നിഖില വിമൽ. തനിക്ക് രാഷ്ട്രീയത്തെപ്പറ്റി വലിയ അറിവില്ലെന്നും ശക്തമായ രാഷ്ട്രീയം പിന്തുടരുന്ന ആളല്ല താൻ എന്നും നിഖില പറഞ്ഞു. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് വില്ലത്തി വേഷങ്ങൾ ചെയ്യാൻ നല്ല താൽപര്യമുണ്ട്. എന്റെ ഉള്ളിൽ ഒരു വില്ലത്തി കഥാപാത്രമുണ്ട്. എനിക്കിപ്പോൾ അത്തരം കഥാപാത്രങ്ങളൊക്കെ വരാറുണ്ട്. ആളുകൾ നമ്മളെ മറ്റൊരു കഥാപാത്രമായി കാണാൻ ആഗ്രഹിക്കുന്നുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷമുണ്ട്. പക്ഷെ എന്നെ പരിചയമുള്ള ആളുകൾക്കിടയിൽ ഞാൻ ഒരു കോമഡി കഥാപാത്രമാണ്. ചേച്ചി ഇപ്പോഴും എന്നോട് പറയുന്നത് ഒന്നും ആരോടും പറയല്ലേ എന്നാണ്. നീ പറയുന്ന കാര്യങ്ങൾ ഒക്കെ ശരിയായിരിക്കും പക്ഷെ ആളുകൾ അതിനെ മറ്റൊരു രീതിയിൽ കാണുമെന്ന് അവൾ എപ്പോഴും പറയും.

ആളുകൾ വിചാരിച്ചിരിക്കുന്നത് എനിക്ക് നല്ല രീതിയിൽ പൊളിറ്റിക്കൽ ബാക്ക്ഗ്രൗണ്ടുണ്ടെന്നാണ്. ഞാൻ ഒരു തീപ്പൊരി കമ്മ്യൂണിസ്റ്റ്കാരി ആണെന്നും കരുതുന്നുണ്ട്. പക്ഷെ രാഷ്ട്രീയത്തെപ്പറ്റി അതിനുമാത്രം വിവരമൊന്നും എനിക്കില്ല. ഞാൻ പറയുന്നത് രാഷ്ട്രീയമല്ല. എന്റെ ദൈനംദിന ജീവിതത്തിൽ കണ്ടിട്ടുള്ള കാര്യങ്ങളെപ്പറ്റിയാണ് ഞാൻ പറയുന്നത്. അത് എന്നെപോലെ മനസിലാക്കിയവരുണ്ടാകും അനുഭവിച്ചവരും ഉണ്ടാകും. ഇതിനെപ്പറ്റിയാണ് ആളുകൾ വളച്ചൊടിക്കുന്നത്. അല്ലാതെ എനിക്ക് പാർട്ടിയോടുള്ള ശക്തമായ ചായ്‌വൊന്നുമില്ല,’ നിഖില വിമൽ പറഞ്ഞു.

അഭിമുഖത്തിൽ വിവാദങ്ങളെപ്പറ്റി വീട്ടിൽ ചർച്ച ചെയ്യുന്നതിനെപ്പറ്റിയും നിഖില സംസാരിച്ചു. ഒരു വാർത്ത വന്നാൽ അതിനെ കുറച്ച് ദിവസം ആഘോഷിച്ചിട്ട് പിന്നെ അതിനെപ്പറ്റി മാധ്യമങ്ങൾ ചിന്തിക്കാറില്ലെന്നും അതിന് ശേഷം എന്താണ് വാർത്തയുമായി ബന്ധപ്പെട്ടവർക്ക് സംഭവിച്ചതെന്ന് ആരും ചിന്തിക്കുന്നില്ലെന്നും നിഖില പറഞ്ഞു.

‘എന്തെങ്കിലും പുതിയ ടാഗ് വന്നാൽ അപ്പോൾ ഞാൻ ചേച്ചിയെ വിളിച്ച് പറയും ഞാൻ എയറിൽ ആകാൻ പോകുവാണെന്ന്. നമ്മൾ സംസാരിക്കുമ്പോൾ എന്തൊക്കെയാണ് പറഞ്ഞതെന്ന് ഓർമയിൽ ഉണ്ടാകില്ല. നമ്മൾ പറഞ്ഞ കാര്യത്തിലെ ഒരു വരി മാത്രം എടുത്ത് അവർ വാർത്തയാക്കും. അതിനോട് എനിക്ക് നല്ല പ്രതിഷേധം ഉണ്ട്.

ഈ നാട്ടിൽ എത്രയെത്ര സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഒരു വാർത്ത ഒരാഴ്ച മാത്രം ചർച്ചയാകും. പിന്നെ അത് അവിടെ ഇട്ടിട്ട് പോകും, അവരുടെ ജീവിതം പിന്നെ എങ്ങനെയാണെന്ന് മാധ്യമങ്ങൾ ചിന്തിക്കുന്നില്ല,’ നിഖില പറഞ്ഞു.

Content Highlights: Nikhila Vimal on Politics

We use cookies to give you the best possible experience. Learn more