| Sunday, 6th August 2023, 7:39 pm

'അച്ഛൻ നക്സൽ ആയിരുന്നതുകൊണ്ട് അമ്മയുടെ വീട്ടിൽ കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ അച്ഛന് നക്സൽ പശ്ചാത്തലം ഉള്ളതുകൊണ്ട് അമ്മയുടെ വീട്ടിൽ നിന്നും കല്യാണം കഴിക്കാൻ സമ്മതിക്കില്ലായിരുന്നെന്ന് നടി നിഖില വിമൽ. അച്ഛന്റെയും അമ്മയുടെയും കല്ല്യാണം വളരെ ലഘുവായി നടത്തിയ ഒന്നായിരുന്നെന്നും തന്റെ അച്ഛൻ കാരണമാണ് അമ്മ ലോകം കണ്ടതെന്നും നിഖില പറഞ്ഞു. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ഒരു റിലേറ്റിവ് വഴിയാണ് അമ്മയുടെ കുടുംബത്തിന് അച്ഛനെ പരിചയം ഉണ്ടായിരുന്നത്. അമ്മ കലാമണ്ഡലത്തിൽ നിന്നും പഠനം കഴിഞ്ഞ് വന്നതേയുള്ളു. ആ സമയത്താണ് അച്ഛന്റെ വീട്ടിൽ നിന്നും കല്യാണം ആലോചിച്ച് വന്നത്.

അച്ഛൻ അന്ന് ഒരു സ്കൂളിൽ കണക്ക് അധ്യാപകൻ ആയിരുന്നു. അച്ഛന് അമ്മയെ അന്ന് കണ്ടപ്പോൾ തന്നെ ഇഷ്ടമായി. അമ്മക്ക് നല്ല മുടി ഉണ്ടായിരുന്നു, അതുകൊണ്ടാണ് അച്ഛന് അമ്മയെ ഇഷ്ടമായത്.

പക്ഷെ അച്ഛനെപ്പറ്റി അമ്മയുടെ വീട്ടുകാർ തിരക്കിയപ്പോഴാണ് അച്ഛന് ഒരു നക്സൽ ബാക്ക്ഗ്രൗണ്ട് ഉണ്ടെന്ന് മനസിലാക്കിയത്. അതുകൊണ്ട് അവർ ഈ കല്യാണം വേണ്ടെന്ന് വെച്ചു. അത് കേട്ടപ്പോൾ അച്ഛന് വാശിയായി. കാരണം അമ്മക്ക് ഇത്രയും മുടിയൊക്കെ ഉണ്ട്, അച്ഛന് ആളെ ഇഷ്ടപ്പെട്ടതുമാണ്.

അങ്ങനെ അച്ഛൻ പഠിപ്പിക്കുന്ന സ്കൂളിൽ അമ്മക്ക് പ്ലേസ്മെന്റ് വാങ്ങിക്കൊടുത്തു. പക്ഷെ അമ്മക്ക് അറിയില്ലായിരുന്നു അച്ഛൻ വഴിയാണ് ജോലി കിട്ടിയതെന്ന്. അച്ഛൻ ആ സ്കൂളിലാണ് പഠിപ്പിക്കുന്നതെന്നും അമ്മക്ക് അറിയില്ലായിരുന്നു. അമ്മക്ക് അച്ഛനെ നല്ല പേടിയും ആയിരുന്നു.

അമ്മയുടെ വീട്ടിൽ ചെന്ന് അച്ഛൻ വീണ്ടും സംസാരിച്ച് കല്യാണത്തിന് സമ്മതിപ്പിക്കുകയായിരുന്നു. ഇവരുടെ കല്യാണം രക്തഹാരം ഒക്കെ അണിയിച്ച്, ചായയും ബിസ്ക്കറ്റും ഒക്കെ വിതരണം ചെയ്ത് ചെറിയൊരു കല്യാണം ആയിരുന്നു.

‘അമ്മ വെറും ഒരു ഷിഫോൺ സാരിയാണ് അന്ന് ഉടുത്തിരുന്നത്. ഓരോരുത്തരും അവരുടെ അമ്മയുടെ കല്യാണ സാരിയാണ് കല്യാണത്തിന് ഉടുത്തതെന്ന് പറയുമ്പോൾ ഞാൻ ഇപ്പോഴും പറയും ഈ സാരി ഞാൻ എങ്ങനെ ഉടുക്കുമെന്ന്.

അച്ഛനെ കല്ല്യാണം കഴിച്ചതുകൊണ്ടാണ് അമ്മ അൽപം ലോകം കണ്ടതും ഡാൻസ് സ്കൂൾ തുടങ്ങിയതുമൊക്കെ. അല്ലങ്കിൽ അമ്മ നാട്ടിൽ ചെറിയ വല്ല ഡാൻസ് ക്ലാസ് ആയിട്ട് നിന്നേനെ. അച്ഛൻ മുൻകൈ എടുത്താണ് ഡാൻസ് സ്കൂൾ തുടങ്ങിയത്,’ നിഖില വിമൽ പറഞ്ഞു.

Content Highlights: Nikhila Vimal on parent’s love story

We use cookies to give you the best possible experience. Learn more