നടൻ മമ്മൂട്ടിയോട് തനിക്കിതുവരെ പേടി തോന്നിയിട്ടില്ല, മറിച്ച് സ്നേഹമാണ് തോന്നിയിട്ടുള്ളതെന്ന് നടി നിഖില വിമൽ. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ മറ്റുള്ളവർ പേടിപ്പിച്ചിരുന്നെന്നും എന്നാൽ മമ്മൂട്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും കാണുമ്പോൾ അദ്ദേഹത്തോട് സ്നേഹമാണ് തോന്നിയിട്ടുള്ളതെന്നും നിഖില പറഞ്ഞു. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ജീവിത സാഹചര്യമാണോ ജീവിതത്തിൽ ഇത്ര സ്ട്രോങ്ങ് ആയും ആരെയും പേടിയില്ലാതിരിക്കാനുമുള്ള ധൈര്യം തന്നതെന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
‘സിനിമ എന്നെ കുറെ കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. എനിക്ക് ചെറുപ്പം മുതലേ ആരെയും പേടിയില്ല. ഒരാളെയും പേടിച്ച് ജീവിക്കണം എന്നുള്ള അഭിപ്രായം എനിക്കില്ല. ആരോടും ഒരു പരിധിയിൽ കവിഞ്ഞ ബഹുമാനം കാണിക്കാതിരിക്കുന്നതാണ് നല്ലത്. ആളുകളോട് എനിക്ക് ഇഷ്ടമാണുള്ളത്.
ബഹുമാനം കൊടുക്കണം എന്ന് തോന്നുന്നവരോട് മാത്രമേ അത് ഞാൻ പ്രകടിപ്പിക്കാറുള്ളു. അല്ലെങ്കിൽ അവരോട് വളരെ സൗഹൃദപരമായി മാത്രം ഞാൻ സംസാരിക്കും. ഒരു പരിധിയിൽ കൂടുതൽ ആർക്കും ബഹുമാനം കൊടുക്കരുത് എന്ന് കരുതുന്ന ഒരാളാണ് ഞാൻ. കാരണം അത് നമുക്കും അവർക്കും ഒരു ബാധ്യത ആയിത്തീരും. അതായത് ഇത്രയും വലിയ ആളാണല്ലോ എന്ന് തോന്നിയിട്ട് തിരിച്ചൊന്നും പറയാൻ പറ്റിയില്ലല്ലോ എന്നൊരു തോന്നൽ വരും.
ഞാൻ എല്ലാവരോടും എല്ലാകാര്യങ്ങളും പേടിയില്ലാതെ തന്നെ പറയാറുണ്ട്. ആരെയെങ്കിലും പേടിക്കണം എന്ന് തോന്നിയിട്ടില്ല. സിനിമയിൽ ആണെങ്കിൽ എല്ലാവർക്കും മമ്മൂക്കയെ പേടിയാണെന്നൊക്കെ പറയാറുണ്ട്. പക്ഷെ എനിക്ക് പുള്ളിയെ പേടിയില്ല. ഭയങ്കര ഇഷ്ടമാണ് അദ്ദേഹത്തോട്. അതിൽ കവിഞ്ഞിട്ട് ഇതുവരെ ഒരു പേടി തോന്നിയിട്ടില്ല.
ആദ്യമൊക്കെ മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ പേടിക്കണമെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. പക്ഷെ പുള്ളി ചെയ്യുന്ന ഓരോ കാര്യങ്ങളോടും എനിക്ക് വല്ലാത്തൊരു സ്നേഹമാണ് തോന്നിട്ടിട്ടുള്ളത്. അത് അദ്ദേഹത്തിന്റെ ക്വാളിറ്റികൊണ്ടാണോ എന്നൊന്നും എനിക്കറിയില്ല.
ഞാൻ ഒരിക്കലും ആരെയും പേടിക്കില്ല, അത് കാര്യങ്ങൾ തുറന്ന് പറയുന്ന കാര്യത്തിലാണെങ്കിലും,’ നിഖില വിമൽ പറഞ്ഞു.
Content Highlights: Nikhila Vimal on Mammootty