മാധ്യമങ്ങൾക്ക് കണ്ടന്റ് ഉണ്ടാക്കുന്നതിന് വേണ്ടിയല്ല താൻ അഭിപ്രായങ്ങൾ പറയുന്നതെന്ന് നടി നിഖില വിമൽ. താൻ സംസാരിക്കുന്ന വിഷയങ്ങളെപ്പറ്റി വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ടെന്നും അതെല്ലായിടത്തും പോയി ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും നിഖില പറഞ്ഞു. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഖില.
‘സോഷ്യൽമീഡിയയിൽ സ്ത്രീകൾ അൽപം ബോൾഡായി സംസാരിക്കുമ്പോൾ ദേ അവൾ ഫെമിനിസ്റ്റാണ് എന്ന് ആളുകൾ പറയുന്നത് കേൾക്കാം. ഫെമിനിസ്റ്റ് ആയാൽ എന്താണ് കുഴപ്പം? എനിക്കിതുവരെ അതിനെപ്പറ്റി മനസിലായിട്ടില്ല.
ഞാൻ പറഞ്ഞ പലകാര്യങ്ങളും സെലിബ്രേറ്റ് ചെയ്യപ്പെടുന്നതിന് പ്രധാന കാരണം ഞാനൊരു സ്ത്രീ ആയതുകൊണ്ടാവാം. അത് ഞാൻ സംസാരിക്കുന്ന വിഷയത്തെപ്പറ്റി എനിക്കെന്തറിയാം എന്നുള്ള തോന്നൽ ചിലപ്പോൾ അവർക്കുള്ളതുകൊണ്ടാകാം.
ഞാൻ സംസാരിക്കുന്നതിനെപ്പറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. എന്റെ ധാരണകളെപ്പറ്റി എനിക്കുമാത്രമല്ലേ അറിവുണ്ടാകു. അല്ലെങ്കിൽ എനിക്കൊരു വിഷയത്തിൽ എത്രമാത്രം അറിവുകൾ ഉണ്ടെന്ന് എനിക്ക് ചുറ്റുമുള്ളവർക്കും അറിവുണ്ടായേക്കാം.
ഞാൻ സംസാരിച്ചിട്ടുള്ള പല കാര്യത്തെപ്പറ്റിയും ഓരോ ചർച്ചകൾക്കൊക്കെ വിളിക്കുമ്പോൾ മറ്റുള്ളവർ ഞാൻ പറഞ്ഞതിനെ വളച്ചൊടിച്ചതിനെപ്പറ്റിയാണ് അവർ ചോദിക്കുന്നത്. ഞാൻ പറയാത്ത ഒരു കാര്യത്തെപ്പറ്റി എനിക്ക് സംസാരിക്കാൻ താൽപര്യമില്ല. അതായത് മാധ്യമങ്ങൾക്ക് കണ്ടന്റ് കൊടുക്കാൻ ഞാൻ റെഡിയല്ല. അതിപ്പോ ഈ പറഞ്ഞ ബീഫിന്റെ കേസിലായാലും മുസ്‌ലീം കല്യാണത്തിന്റെ കേസിലായാലും എനിക്ക് കൃത്യമായ അഭിപ്രായം ഉണ്ട്. അത് ഞാൻ എല്ലായിടത്തും പറയണമെന്നില്ല, അല്ലെങ്കിൽ ചർച്ച ചെയ്യാൻ താൽപര്യമില്ല. ഞാൻ എന്റെ അഭിപ്രായം എന്തിനാണ് ചർച്ച ചെയ്യുന്നത്,’ നിഖില പറഞ്ഞു.