തന്റെ ഫോളോവേഴ്‌സിനെ ബ്ലോക്ക് ചെയ്യാറുണ്ടെന്ന് നടി നിഖില വിമൽ. തന്റെ ഫാൻസ് ഇടുന്ന പോസ്റ്റുകൾ ചിലപ്പോഴൊക്കെ ദേഷ്യം വരുത്താറുണ്ടെന്നും തന്റെ ചുറ്റുമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഫാൻസ് മാറാറുണ്ടെന്നും നിഖില പറഞ്ഞു. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ എന്റെ ഫാൻസിന് അധികം പ്രതികരണങ്ങൾ കൊടുക്കാറില്ല. ഫാൻസിനെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഇതുവരെ മനസിലായിട്ടില്ല, അല്ലെങ്കിൽ എനിക്കറിയില്ല. ചിലപ്പോഴൊക്ക ഒരാവശ്യവുമില്ലാതെ ഇവർ ഇടുന്ന പോസ്റ്റുകളൊക്കെ കാണുമ്പോൾ എനിക്ക് നല്ല ദേഷ്യം വരും. ചിലപ്പോൾ ഞാൻ ഇവരെ ബ്ലോക്ക് ചെയ്തുകളയും.
ഞാൻ ഇവരോട് ചില കാര്യങ്ങളൊക്കെ ചെയ്യരുതെന്ന് പറയാറുണ്ട്. അവർ ഓരോന്നൊക്കെ ചെയ്യുന്നത് നമ്മളോടുള്ള ഇഷ്ടത്തിന്റെ പുറത്തായിരിക്കും. എന്നെ ബുദ്ധിമുട്ടിക്കുന്നതിൽ കുഴപ്പമില്ല. അതെനിക് ഓക്കേ ആണ്. പക്ഷെ എന്റെ ചുറ്റുമുള്ളവരെ ശല്യപ്പെടുത്തുന്നു എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
എനിക്കറിയുന്ന പകുതിയിൽ അധികം ആളുകളും സിനിമയുമായി ബന്ധമില്ലാത്ത ആളുകളാണ്. അവരെ ആവശ്യമില്ലാതെ ഇതിലേക്കൊക്കെ വലിച്ചിഴക്കുന്നതിനോട് എനിക്ക് താല്പര്യമില്ല. അതുകൊണ്ടുതന്നെ ഞാൻ എന്റെ പേഴ്‌സണൽ ഫോട്ടോകളോ അല്ലെങ്കിൽ എവിടെയെങ്കിലും പോകുന്ന സ്റ്റോറികളോ അല്ലെങ്കിൽ എന്റെ സുഹൃത്തുക്കളുടെ ഫോട്ടോകളോ പോസ്റ്റ് ചെയ്യുന്നത് വളരെ കുറവാണ്. ഒരു പരിധി കഴിഞ്ഞാൽ ഫാൻസ് എന്റെ കൂടെയുള്ളവരെ സ്റ്റോക് ചെയ്യുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലേക്ക് വരും,’ നിഖില വിമൽ പറഞ്ഞു.
പോര്‍തൊഴിലാണ് ഒടുവില്‍ റിലീസ് ചെയ്ത നിഖിലയുടെ ചിത്രം. നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ശരത് കുമാര്‍, അശോക് സെല്‍വന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. E4 എക്‌സ്‌പെരിമെന്റ്‌സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. നസ്‌ലിന്‍ നായകനാവുന്ന 18+ ആണ് ഇനി ഉടന്‍ റിലീസിന് ഒരുങ്ങുന്ന നിഖിലയുടെ ചിത്രം. ചിത്രത്തിൽ മാത്യു തോമസ്, ബിനു പപ്പു, സാഫ് ബ്രോസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Nikhila Vimal on Fans