നായികാ പ്രാധാന്യമുള്ള സിനിമ എന്നുപറഞ്ഞ് വരുന്നത് ഒന്നുകില്‍ ഡാര്‍ക്കായിരിക്കും അല്ലെങ്കില്‍ നായികക്ക് ഡിപ്രഷനോ എന്തെങ്കിലും പ്രശ്‌നങ്ങളോ ആയിരിക്കും: നിഖില വിമല്‍
Entertainment news
നായികാ പ്രാധാന്യമുള്ള സിനിമ എന്നുപറഞ്ഞ് വരുന്നത് ഒന്നുകില്‍ ഡാര്‍ക്കായിരിക്കും അല്ലെങ്കില്‍ നായികക്ക് ഡിപ്രഷനോ എന്തെങ്കിലും പ്രശ്‌നങ്ങളോ ആയിരിക്കും: നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th May 2022, 2:43 pm

നിഖില വിമല്‍, മാത്യു തോമസ്, നസ്‌ലന്‍ കെ. ഗഫൂര്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത സിനിമയാണ് ജോ ആന്‍ഡ് ജോ.

കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം ഫാമിലി കോമഡി ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ജോ ആന്‍ഡ് ജോയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം പറയുകയാണ് നടി നിഖില വിമല്‍. എഫ്.ടി.ക്യു വിത്ത് രേഖ മേനോന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”വളരെ കുറച്ച് സിനിമകള്‍ മാത്രമേ കേള്‍ക്കുമ്പോള്‍ തന്നെ ഞാന്‍ ഓക്കെ പറയാറുള്ളൂ. എനിക്ക് ഓകെ പറയാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്.

ലോക്ഡൗണ്‍ കഴിഞ്ഞ് കുറച്ച് നാള് കഴിഞ്ഞിട്ടാണ് ഈ സ്‌ക്രിപ്റ്റ് എന്റെയടുത്ത് എത്തിയത്. അരുണേട്ടനെ (അരുണ്‍ ഡി. ജോസ്) എനിക്ക് നേരത്തെ അറിയാം. ഞങ്ങള്‍ ഒരു സിനിമക്ക് വേണ്ടി കുറച്ച് ദിവസം ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു.

അരുണേട്ടന്‍ വിളിച്ചിട്ട് ഒരു കഥ പറയാനുണ്ട് എന്ന് പറഞ്ഞു. കൂടെ ചെയ്യുന്നത് മാത്യു ആണെന്ന് പറഞ്ഞു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു. വായിക്കുമ്പോള്‍ തന്നെ നല്ല രസമുണ്ടായിരുന്നു.

വായിക്കുമ്പോള്‍ തന്നെ ചിരിക്കാനുള്ള കുറച്ചുകുറച്ച് സാധനങ്ങള്‍ ഉണ്ടായിരുന്നു. ചിരിച്ച് ചിരിച്ചായിരുന്നു ഞാന്‍ വായിച്ചത്. കഥ കേട്ട് സ്‌ക്രിപ്റ്റ് വായിച്ച് ഞാന്‍ ഓക്കെ പറഞ്ഞു. അങ്ങനെ തുടങ്ങിയ സിനിമയാണ്.

നായികക്ക് പ്രാധാന്യമുള്ള സിനിമയാണ് ജോ ആന്‍ഡ് ജോ.

സാധാരണ ഹീറോയിന്‍ ഓറിയന്റഡ് സിനിമകള്‍ എന്ന് പറഞ്ഞുവരുന്ന സിനിമകളില്‍ ഒട്ടുമിക്കതും ഒന്നുകില്‍ കുറച്ച് ഡാര്‍ക്ക് സിനിമകളായിരിക്കും അല്ലെങ്കില്‍ നായിക എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങളുള്ള സ്ത്രീയായിരിക്കും.

ഒന്നുകില്‍ കഥാപാത്രത്തിന് ഡിപ്രഷന്‍ ആയിരിക്കും അല്ലെങ്കില്‍ എവിടെയെങ്കില്‍ ട്രാപ്പ്ഡ് ആയി പോയിട്ട് രക്ഷപ്പെടാന്‍ വേണ്ടി ബുദ്ധിമുട്ടുന്ന ആളായിരിക്കും. ഇങ്ങനെയുള്ള സിനിമകളാണ് എപ്പോഴും വരുന്നത്.

പ്രശ്‌നങ്ങളൊന്നുമില്ലാത്ത ആള്‍ക്കാരെ പറ്റി ഇവരെന്താണ് കഥ പറയാത്തത് എന്ന് എപ്പോഴും ഇങ്ങനെയുള്ള കഥകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്.

എനിക്ക് ഹ്യൂമര്‍ സിനിമകള്‍ ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. ജോ ആന്‍ഡ് ജോ ഹ്യൂമര്‍ ബേസ്ഡ് ആയ, ഹീറോയിന് പ്രാധാന്യമുള്ള സിനിമയാണ്,” നിഖില വിമല്‍ പറഞ്ഞു.

മേയ് 13നാണ് ജോ ആന്‍ഡ് ജോ റിലീസ് ചെയ്യുന്നത്.

Content Highlight: Nikhila Vimal about women oriented movies