| Monday, 17th January 2022, 6:43 pm

ഡബ്ല്യൂ.സി.സിയെ പുറത്തുനിന്നുള്ളവര്‍ ജഡ്ജ് ചെയ്യുന്നത് അതിന്റെ വളര്‍ച്ച കാണാത്തത് കൊണ്ടാണ്, നാളെ അവര്‍ക്കത് മനസിലാവും: നിഖില വിമല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡബ്ല്യൂ.സി.സിയെ പോലൊയൊരു സംഘടനയെ പുറത്തുനിന്നുള്ള ആള്‍ക്കാര്‍ ജഡ്ജ് ചെയ്യുന്നത് അതിന്റെ വളര്‍ച്ച കാണാത്തത് കൊണ്ടാണെന്ന് നടി നിഖില വിമല്‍. ഇന്ന് കാണുന്ന ആള്‍ക്കാര്‍ക്ക് അത് മനസിലായില്ലെങ്കിലും നാളെ മനസിലാകുമെന്നും നിഖില പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഡബ്ല്യൂ.സി.സിയെ പറ്റി പറഞ്ഞത്.

‘എനിക്കിഷ്ടമാണ് ഡബ്ല്യൂ.സി.സിയെ പോലുള്ള മൂവ്‌മെന്റുകള്‍. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ തന്നെ നില്‍ക്കുക, ഒരാള്‍ക്ക് വേണ്ടി സംസാരിക്കുക എന്നൊക്കെ പറയുന്നത് ചെയ്യേണ്ട കാര്യം തന്നെയാണ്. ഡബ്ല്യൂ.സി.സിയെ പോലൊയൊരു സംഘടനയെ പുറത്തുനിന്നുള്ള ആള്‍ക്കാര്‍ ജഡ്ജ് ചെയ്യുന്നത് അതിന്റെ വളര്‍ച്ച കാണാത്തത് കൊണ്ടാണ്.

പുറത്ത് നിന്നും കാണുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഒരു സംഘടന എന്ന രീതിയിലായിരിക്കാം തോന്നുന്നത്. പക്ഷേ അവര്‍ അതിന്റെ പുറകില്‍ ഒരുപാട് വര്‍ക്ക് ചെയ്യുന്നുണ്ട്.

ഇന്ന് കാണുന്ന ആള്‍ക്കാര്‍ക്ക് അത് മനസിലായില്ലെങ്കിലും നാളെ മനസിലാകും എന്നാണ് ഞാന്‍ വിചാരിക്കുന്നത്,’ നിഖില പറഞ്ഞു.

‘എന്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇടാനും മാത്രം ബുദ്ധിയില്ലാത്തവരല്ല അവര്‍. വര്‍ക്ക് ചെയ്യുന്നവരും ഒരുപാട് എക്‌സ്പീരിയന്‍സും ഉള്ളവരാണ്.

ഇവര്‍ പറയുന്ന കാര്യങ്ങള്‍ ഇല്ല എന്ന് പറയാന്‍ പറ്റില്ല. അത് ഓരോ ആള്‍ക്കാരുടെ എക്‌സ്പീരിയന്‍സ് അനുസരിച്ചിരിക്കും. എനിക്ക് അങ്ങനെയൊന്നും വന്നിട്ടില്ല എന്ന വിചാരിച്ച് അതില്ലായെന്നല്ല. എനിക്ക് കിട്ടുന്ന അനുഭവങ്ങളായിരിക്കില്ല മറ്റുള്ളവര്‍ക്ക്,’ നിഖില കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സജീവ ചര്‍ച്ചയിലായിരിക്കെയാണ് നിഖിലയുടെ പരാമര്‍ശങ്ങള്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ കഴിഞ്ഞ ദിവസം വനിതാ കമ്മീഷനെ കണ്ടിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് ഡബ്ല്യൂ.സി.സി ഉന്നയിച്ച ആവശ്യം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഡബ്ല്യൂ.സി.സി അംഗങ്ങളായ നടി പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്‍, ദീദി തുടങ്ങിയവരാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.

നടിക്ക് നീതി ലഭിക്കാന്‍ മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്ന് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും ഇനി കാത്തിരിക്കാമന്‍ വയ്യെന്നും അംഗങ്ങള്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ അല്ലെന്നും കമ്മിറ്റി ആണെന്നും ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: nikhila vimal about wcc

We use cookies to give you the best possible experience. Learn more