സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാരംഗത്തെത്തിയ ആളാണ് നിഖില വിമല്‍. ലവ് 24×7 ലൂടെ നായികയായി അരങ്ങേറിയ നിഖില തമിഴില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി. 2018ല്‍ അരവിന്ദന്റെ അതിഥികളിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായി. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ഗുരുവായൂരമ്പല നടയിലിലും നിഖില പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെയാണ് നിഖിലയുടെ പുതിയ ചിത്രം.
സംവിധായകന് വിപിന്‍ ദാസിനെക്കുറിച്ച് സംസാരിക്കുകയാണ് നിഖില. ഗുരുവായൂരമ്പല നടയിലിലെ ഷൂട്ടിന്റെ സമയത്ത് പറഞ്ഞ് ചിരിച്ച പല തമാശകള്‍ക്കും പ്രിവ്യൂവിന് ചിരിച്ചില്ലെന്ന് നിഖില പറഞ്ഞു. സാഫ്‌ബോയ്‌യുടെ അനിയന്‍ മാത്രമാണ് ആ സിനിമക്ക് ചിരിച്ചതെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരമ്പല നടയിലിന്റെ പ്രീമിയറിന് ശേഷം ആ സിനിമ വര്‍ക്കാകില്ലെന്ന് താനും കൂട്ടുകാരും വിപിനോട് പറഞ്ഞെന്നും സിനിമ ഹിറ്റായതിന് ശേഷം വിപിന്‍ തന്നെ 90കളുടെ വസന്തമെന്നാണ് വിളിക്കുന്നതെന്ന് നിഖില പറഞ്ഞു.
ചെറിയൊരു തിയേറ്ററില്‍ ഇരുന്നാണ് ആ പ്രിവ്യൂ കണ്ടതെന്നും മാസ് ഓഡിയന്‍സിന് സിനിമ ഇഷ്ടമാകില്ലെന്ന് താന്‍ വിചാരിച്ചെന്നും നിഖില കൂട്ടിച്ചേര്‍ത്തു. പ്രീമിയറിന് ശേഷം ബേസിലിനും ഇതേ അഭിപ്രായമായിരുന്നെന്നും ബേസിലിനെയും അതേ പേര് തന്നെയാണ് വിളിക്കുന്നതെന്നും നിഖില കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് ബേസില്‍ തന്റെ നിലപാട് മാറ്റിയെന്നും നിഖില പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു നിഖില.
‘വിപിന്‍ ദാസ് എന്നെ വിളിക്കുന്നത് തൊണ്ണൂറുകളുടെ വസന്തം എന്നാണ്. കാരണം, ആ സിനിമയുടെ പ്രിവ്യൂ കണ്ടിട്ട് ഞാനും എന്റെ കൂട്ടുകാരും ഒരു സീനിലും ചിരിച്ചില്ല. രാത്രി 11 മണിക്കായിരുന്നു പ്രിവ്യൂ. ഇന്റര്‍വെലിന് വിപിന്‍ എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ ഇത് വര്‍ക്കാകില്ല എന്ന് പറഞ്ഞു. പുള്ളി അത് സമ്മതിച്ചില്ല. ‘നോക്കിക്കോ, ഈ പടം ഹിറ്റാകും’ എന്നാണ് വിപിന്‍ പറഞ്ഞത്.
ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ തന്നെ പടത്തിന് പോസിറ്റീവ് റെസ്‌പോണ്‍സ് കിട്ടി. അതിന് ശേഷമാണ് തൊണ്ണൂറുകളുടെ വസന്തം എന്ന് വിപിന്‍ പറഞ്ഞത്. ബേസിലിനും എന്റെ അതേ അഭിപ്രായമായിരുന്നു. പക്ഷേ പടം ഹിറ്റായപ്പോള്‍ ബേസില്‍ നിലപാട് മാറ്റി. അങ്ങനെ ആ വിളിയില്‍ നിന്ന് അവന്‍ രക്ഷപ്പെട്ടു. ഞാന്‍ മാത്രം വസന്തമായി,’ നിഖില വിമല്‍ പറഞ്ഞു.