സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാരംഗത്തെത്തിയ ആളാണ് നിഖില വിമല്‍. ലവ് 24×7 ലൂടെ നായികയായി അരങ്ങേറിയ നിഖില തമിഴില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി. 2018ല്‍ അരവിന്ദന്റെ അതിഥികളിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായി. ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ഗുരുവായൂരമ്പല നടയിലിലും നിഖില ഭാഗമായി. മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈയാണ് നിഖിലയുടെ പുതിയ ചിത്രം.
ഈ വര്‍ഷം താന്‍ മൂന്ന് സിനിമകള്‍ ചെയ്തുവെന്നും കഴിഞ്ഞ ഒരു മാസമായി താന്‍ തുടര്‍ച്ചയായി ഷൂട്ടും പ്രൊമോഷനുമായി നടക്കുകയായിരുന്നുവെന്നും നിഖില പറഞ്ഞു. വിശ്രമമില്ലാതെ ജോലിയെടുക്കുന്ന സമയത്ത് ബ്രേക്ക് എടുത്താലോ എന്ന് ചിന്തിക്കാറുണ്ടെന്നും പലപ്പോഴും അത് തോന്നിയിട്ടുണ്ടെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
2022ല്‍ ജോ ആന്‍ഡ് ജോ എന്ന സിനിമക്ക് ശേഷം താന്‍ സിനിമയില്‍ നിന്ന് കുറച്ചുകാലം ബ്രേക്കെടുത്താലോ എന്ന് ചിന്തിച്ചിരുന്നെന്നും ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ ബ്രേക്കെടുക്കാന്‍ മാത്രം എന്താണ് ചെയ്തിട്ടുള്ളതെന്ന് മമ്മൂട്ടി തിരിച്ചു ചോദിച്ചെന്നും നിഖില പറഞ്ഞു. വാഴൈയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്.
‘ഈ വര്‍ഷത്തെ കാര്യം നോക്കിയാല്‍ ഞാന്‍ മൂന്ന് സിനിമകളാണ് ചെയ്തത്. അതിന്റെ ഷൂട്ടും പ്രൊമോഷനുമൊക്കെയായി ഇത്രയും കാലം ഓട്ടമായിരുന്നു. വാഴൈയുടെ പ്രൊമോഷന് വേണ്ടി കഴിഞ്ഞ ദിവസം ബാഗ്ലൂരിലായിരുന്നു. ഇന്ന് ചെന്നൈ, മറ്റന്നാള്‍ വീണ്ടും കൊച്ചിയിലേക്ക് പോകണം. ഇതൊക്കെ കഴിയുമ്പോള്‍ ഞാന്‍ വീണ്ടും വെറുതേയിരിക്കും. തുടര്‍ച്ചയായി ഇങ്ങനെ പണിയെടുക്കുമ്പോള്‍ ഒരു ബ്രേക്ക് എടുത്ത് കുറച്ചുനാള്‍ വെറുതെയിരുന്നാലോ എന്ന് ചിന്തിക്കും.
2022ല്‍ ജോ ആന്‍ഡ് ജോ എന്ന സിനിമയുടെ ഷൂട്ടും അതിന്റെ പ്രൊമോഷനും എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ മൊത്തത്തില്‍ തളര്‍ന്നു. കുറച്ചുനാള്‍ സിനിമയില്‍ നിന്ന് ബ്രേക്കെടുക്കാമെന്ന് ചിന്തിച്ചു. മമ്മൂട്ടി സാറിനെ കാണാന്‍ പോയപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചു. ‘ബ്രേക്കെടുക്കാന്‍ മാത്രം നീ സിനിമയില്‍ എന്താ ചെയ്തിട്ടുള്ളത്’ എന്നാണ് മമ്മൂക്ക ചോദിച്ചത്. ‘ഇപ്പോള്‍ നീ ബ്രേക്കെടുത്താല്‍ ബ്രേക്കില്‍ തന്നെ ഇരിക്കേണ്ടി വരും. ഓടാന്‍ പറ്റുന്ന പ്രായത്തില്‍ ഓട്’ എന്നാണ് മമ്മൂക്ക പറഞ്ഞത്. പിന്നീടാലോചിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞത് ശരിയായി തോന്നി,’ നിഖില പറഞ്ഞു.
Content Highlight: Nikhila Vimal about the advice from Mammootty