| Tuesday, 20th June 2023, 10:52 am

കാക്കി ചേരുമോയെന്ന് ചിന്തിച്ചു; സ്‌ക്രീന്‍ സ്‌പേസ് കുറവായിരിക്കുമെന്ന് അറിയാമായിരുന്നു; നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ പുതിയ തമിഴ് സിനിമയായ പുതുമുഖ സംവിധായകന്‍ വിഘ്‌നേഷ് രാജയുടെ ‘പോര്‍ തൊഴിലി’ന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി നിഖില വിമല്‍. വിഘ്‌നേഷ് കഥ പറഞ്ഞപ്പോള്‍ തന്നെ അശോക് സെല്‍വന്റെയും ശശികുമാറിന്റെയും സ്‌ക്രീന്‍ സ്‌പേസിനേക്കാള്‍ തന്റെ സ്‌പേസ് കുറവായിരിക്കുമെന്ന് അറിയാമായിരുന്നുവെന്ന് നടി പറഞ്ഞു.

എന്നാലും തന്റെ കഥാപാത്രത്തിന് ഡാന്‍സ് കളിച്ച് പാട്ട് പാടുന്നതിനേക്കാള്‍ സ്‌കോപ്പുണ്ടെന്ന് ഉറപ്പായിരുന്നെന്നും നിഖില ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘വിഘ്‌നേഷ് കഥ വിവരിച്ച് തന്നപ്പോള്‍ തന്നെ അശോക് സെല്‍വനേക്കാളും ശരത് കുമാര്‍ സാറിനേക്കാളും എന്റെ സ്‌ക്രീന്‍ സ്‌പേസ് കുറവായിരിക്കുമെന്ന് അറിയാമായിരുന്നു. എന്നാലും ഡാന്‍സ് കളിക്കുന്ന, പാട്ട് പാടുന്ന, പ്രേമത്തിന് താല്‍പര്യമുള്ളയാളേക്കാളും സ്‌കോപ്പുള്ള കഥാപാത്രമാണെന്റേതെന്ന ഉറപ്പുണ്ടായിരുന്നു.

കഥ കേട്ടപ്പോള്‍ പോര്‍ തൊഴില്‍ എല്ലാവരും കാണുന്ന, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയാകുമെന്ന് എനിക്കറിയാമായിരുന്നു,’ നിഖില പറഞ്ഞു.

സിനിമയില്‍ വീണയെന്ന ഡാറ്റ അനലിസ്റ്റായ പൊലീസ് ഓഫീസറായ കഥാപാത്രത്തേയാണ് നിഖില അവതരിപ്പിക്കുന്നത്. ആദ്യമായാണ് താന്‍ ഈ വേഷം കൈകാര്യം ചെയ്യുന്നതെന്നും നിഖില പറഞ്ഞു.

‘പോര്‍ തൊഴിലില്‍ തയ്യാറെടുക്കുമ്പോള്‍ കാക്കി ചേരുമോയെന്ന ചിന്തയെനിക്കുണ്ടായിരുന്നു. ഭാഗ്യത്തിന് ഞാന്‍ അസിസ്റ്റന്റ് ഓഫീസറാണെന്നും അതുകൊണ്ട് സാധാരണ വേഷം ധരിച്ചാല്‍ മതിയെന്നും വിഘ്‌നേഷ് പറഞ്ഞു.

എന്റെ മുടിയില്‍ ബ്രൗണ്‍ നിറവുമുണ്ട്. അതുകൊണ്ട് വീണയ്ക്ക് ബ്രൗണ്‍ വരകളുള്ള മുടിയാണോ അതാണോ ഡൈ ചെയ്ത് കറുപ്പ് നിറമുള്ള മുടിയാണോ വേണ്ടതെന്ന് ഞങ്ങള്‍ ഒരുപാട് ചിന്തിച്ചു. ഒരുപാട് തീരുമാനങ്ങള്‍ക്ക് ശേഷം കറുത്ത മുടി മതിയെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

കേരളത്തിലടക്കം നല്ല അഭിപ്രായമാണ് പോര്‍ തൊഴിലിന് വരുന്നത്. ഒരു പസില്‍ ഗെയിം പോലെ തോന്നിക്കാവുന്ന കൊലപാതക പരമ്പരയെ രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സോള്‍വ് ചെയ്യുന്നതാണ് കഥ. വിഘ്‌നേഷും ആല്‍ഫ്രഡ് പ്രകാശുമാണ് തിരക്കഥ.

CONTENT HIGHLIGHTS: nikhila vimal about por thozhil movie

We use cookies to give you the best possible experience. Learn more