സ്വന്തം അഭിപ്രായം തുറന്ന് പറയാന്‍ മടിക്കാത്ത പുതുമുഖ നടിമാരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നിഖില വിമല്‍. രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ചുള്ള സിബി മലയില്‍ ചിത്രം കൊത്താണ് നിഖിലയുടെ പുതിയ സിനിമ.
‘കൊത്ത് ഒരു പ്രത്യേക പാര്‍ട്ടിയെ വെച്ച് പറയുന്ന സിനിമയല്ല. രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. കൊത്ത് കണ്ടവരാണെങ്കില്‍ അത് മനസ്സിലാകും. ഏത് പാര്‍ട്ടിയുടെ പേരില്‍ നടക്കുന്ന കൊലപാതകമായാലും സിനിമയില്‍ കാണിച്ചിരിക്കുന്ന രീതിയിലായിരിക്കും സംഭവിക്കുക.
സിനിമയില്‍ ആസിഫിനെയും റോഷനെയും ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നവരായിട്ടാണ് കാണിക്കുന്നത്. അതുകൊണ്ട് സിനിമയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചാണ് പറയുന്നുന്നതെന്ന് തോന്നാം. ആസിഫിന്റെ പിറകില്‍ നിന്ന് കൊണ്ടാണ് സിനിമയുടെ കഥ പറയുന്നത്.
അയാളുടെ കുടുംബത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ സിനിമയില്‍ കൂടുതല്‍ കാണിക്കുന്നു. ഇത്തരം കൊലപാതകങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്ന എല്ലാവരുടെയും കുടുംബങ്ങളുടെ അവസ്ഥ ഒന്നാണ്.
അവരും കൊന്നു, ഇവരും കൊന്നു. കൊത്തിന് കൊത്ത് എന്ന രീതിയിലുള്ള രാഷ്ട്രീയത്തോട് യോജിക്കുന്നില്ല എന്നാതാണ് സിനിമയിലും പ്രകടമാകുന്നത്. കണ്ണൂരിലെ മാത്രമല്ല എനിക്ക് ഒരിടത്തെയും കൊലപാതക രാഷ്ട്രീയത്തോട് താല്‍പര്യമില്ല. അതിനോട് ആര്‍ക്കും താല്‍പര്യമുണ്ടാകുമെന്ന് കരുതുന്നില്ല.
പണ്ടത്തെ അവസ്ഥയില്‍ നിന്നും ഇപ്പോള്‍ കുറേ മാറിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരണം കൊലയ്ക്ക് കൊല എന്നതല്ല അതിനുള്ള പരിഹാരമെന്ന് ആളുകള്‍ ചിന്തിച്ചു തുടങ്ങി. എന്റെ നാട്ടില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങളെക്കുറിച്ച് പണ്ട് ഞാന്‍ കുറേ കേട്ടിട്ടുണ്ടായിരുന്നു.
ഇപ്പോള്‍ താരതമ്യേന കുറവാണെന്നാണ് തോന്നുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളേക്കാള്‍ അല്ലാതെ നടക്കുന്നവയാണ് കൂടുതല്‍. ഇഷ്ടം പോലെ അല്ലാത്ത കൊലപാതകങ്ങള്‍ നടക്കുന്നതുകൊണ്ട് രാഷ്ട്രീയകൊലപാതകങ്ങളുടെ പ്രധാന്യം കുറഞ്ഞ് പോകുന്നതാണോയെന്നും അറിയില്ല. എന്റെ നാട്ടില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്.
രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ച് മാത്രമല്ല എല്ലാ കാര്യങ്ങളെക്കുറിച്ചും സിനിമ സംസാരിക്കേണ്ടതുണ്ട് എന്നാല്‍ മാത്രമേ അതില്‍ ചര്‍ച്ച വരികയുള്ളു. ഒരാളെ കൊന്നു അല്ലെങ്കില്‍ ഒരാള്‍ മരിച്ചു പോയി എന്നല്ലാതെ അതിന്റെ മുകളില്‍ കൂടുതല്‍ ചര്‍ച്ച വരുന്നില്ല. ഒന്ന് അപലപിച്ച് നമ്മള്‍ നിര്‍ത്തും.
ഈ കാര്യം ചര്‍ച്ച ചെയ്യപ്പെടണമെങ്കില്‍ ഇങ്ങനൊരു സിനിമ വരണം. അപ്പോള്‍ വെറുതെ നമ്മള്‍ ഒന്ന് ആലോചിക്കും. അതുകൊണ്ട് സിനിമയിലൂടെ ഇത്തരം കാര്യങ്ങള്‍ പറയണമെന്ന് കരുതുന്ന ഒരാളാണ് ഞാന്‍,’ നിഖില പറഞ്ഞു.
എം. വി ഗോവിന്ദന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയതിനെ കുറിച്ചും അഭിമുഖത്തില്‍ നിഖില സംസാരിച്ചു. എം.വി ഗോവിന്ദന്‍ അച്ഛന്റെ സുഹൃത്താണ്. അദ്ദേഹം വിജയിച്ച് മന്ത്രിയാകുന്നത് സന്തോഷമുള്ള കാര്യമാണ്. അതുകൊണ്ടാണ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. അതുപോലെ കെ.വി സുമേഷന് വേണ്ടിയും പോയിരുന്നു. അവര്‍ രണ്ട് പേരെയും എനിക്ക് വ്യക്തിപരമായി അറിയാം. അതുകൊണ്ടാണ് പ്രചരണ പരിപാടിക്ക് പോയത്. വേറെയും കുറേ പേര് വിളിച്ചിരുന്നു. പക്ഷേ അവരെ തനിക്ക് അറിയാത്തത് കൊണ്ട് പോയില്ലെന്നും നിഖില വിമല്‍ പറഞ്ഞു.
Content Highlight: Nikhila Vimal about Political killings in kerala