| Monday, 14th August 2023, 11:31 am

മാത്യുവിനെ പോലെയല്ല നസ്‌ലന്‍, അവനെ ഞാന്‍ നല്ല ചീത്ത പറയും: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നസ്‌ലന്‍ തനിക്കൊരു സഹോദരനെ പോലെയും സുഹൃത്തിനെ പോലെയുമാണെന്ന് നടി നിഖില വിമല്‍. കരിയറില്‍ വളരണമെന്ന് താന്‍ ആഗ്രഹിക്കുന്ന രണ്ട് വ്യക്തികളാണ് നസ്‌ലനും മാത്യുവുമെന്നും നിഖില പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിഖില.

‘നസ്‌ലനോട് ഒരു ബ്രദര്‍ലി ഫീലുണ്ട്. അതുപോലെ അവന്‍ നല്ലൊരു ഫ്രണ്ടാണ്. മാത്യുവിനെ പോലെയല്ല അവന്‍, ഞാന്‍ നല്ല ചീത്ത പറയും. കാലിടിച്ച് പൊളിക്കുമെന്നൊക്കെ പറയും. അവനോട് ഭയങ്കര ക്ലോസ്‌നെസ് ഉണ്ട്. കരിയറില്‍ നല്ല അച്ചീവ്‌മെന്റുകള്‍ ഉണ്ടാവണമെന്ന് ഞാന്‍ വിചാരിക്കുന്ന രണ്ട് ആളുകളാണ് മാത്യുവും നസ്‌ലനും,’ നിഖില പറഞ്ഞു.

തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നതിനെ പറ്റിയും നിഖില സംസാരിച്ചു. ‘സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ അല്‍പം ബോള്‍ഡായി സംസാരിക്കുമ്പോള്‍ ദേ അവള്‍ ഫെമിനിസ്റ്റാണ് എന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കാം. ഫെമിനിസ്റ്റ് ആയാല്‍ എന്താണ് കുഴപ്പം? എനിക്കിതുവരെ അതിനെപ്പറ്റി മനസിലായിട്ടില്ല.

ഞാന്‍ പറഞ്ഞ പലകാര്യങ്ങളും സെലിബ്രേറ്റ് ചെയ്യപ്പെടുന്നതിന് പ്രധാന കാരണം ഞാനൊരു സ്ത്രീ ആയതുകൊണ്ടാവാം. അത് ഞാന്‍ സംസാരിക്കുന്ന വിഷയത്തെപ്പറ്റി എനിക്കെന്തറിയാം എന്നുള്ള തോന്നല്‍ ചിലപ്പോള്‍ അവര്‍ക്കുള്ളതുകൊണ്ടാകാം.

ഞാന്‍ സംസാരിക്കുന്നതിനെപ്പറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. എന്റെ ധാരണകളെപ്പറ്റി എനിക്കുമാത്രമല്ലേ അറിവുണ്ടാകൂ. അല്ലെങ്കില്‍ എനിക്കൊരു വിഷയത്തില്‍ എത്രമാത്രം അറിവുകള്‍ ഉണ്ടെന്ന് എനിക്ക് ചുറ്റുമുള്ളവര്‍ക്കും അറിവുണ്ടായേക്കാം.

ഞാന്‍ സംസാരിച്ചിട്ടുള്ള പല കാര്യത്തെപ്പറ്റിയും ഓരോ ചര്‍ച്ചകള്‍ക്കൊക്കെ വിളിക്കുമ്പോള്‍ മറ്റുള്ളവര്‍ ഞാന്‍ പറഞ്ഞതിനെ വളച്ചൊടിച്ചതിനെപ്പറ്റിയാണ് അവര്‍ ചോദിക്കുന്നത്. ഞാന്‍ പറയാത്ത ഒരു കാര്യത്തെപ്പറ്റി എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല. അതായത് മാധ്യമങ്ങള്‍ക്ക് കണ്ടന്റ് കൊടുക്കാന്‍ ഞാന്‍ റെഡിയല്ല. അതിപ്പോ ഈ പറഞ്ഞ ബീഫിന്റെ കേസിലായാലും മുസ്‌ലിം കല്യാണത്തിന്റെ കേസിലായാലും എനിക്ക് കൃത്യമായ അഭിപ്രായം ഉണ്ട്. അത് ഞാന്‍ എല്ലായിടത്തും പറയണമെന്നില്ല, അല്ലെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ല. ഞാന്‍ എന്റെ അഭിപ്രായം എന്തിനാണ് ചര്‍ച്ച ചെയ്യുന്നത്,’ നിഖില പറഞ്ഞു.

18 പ്ലസാണ് ഒടുവില്‍ പുറത്തിറങ്ങിയ നിഖിലയുടെ ചിത്രം. അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഗസ്റ്റ് അപ്പ്യറന്‍സിലായിരുന്നു നിഖില എത്തിയത്. നസ് ലിന്‍, ബിനു പപ്പു, അന്‍ഷിദ്, സഫ്‌വാന്‍, മാത്യു തോമസ്, മീനാക്ഷി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Content Highlight: Nikhila Vimal about Naslen

We use cookies to give you the best possible experience. Learn more