| Thursday, 26th September 2024, 2:25 pm

ആ സംവിധായകന്റെ സെറ്റില്‍ പ്രഷര്‍ താങ്ങാനാവാതെ ഞാന്‍ തളര്‍ന്ന് സങ്കടപ്പെട്ടു, പിന്നീട് അത് ശീലമായി : നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാരംഗത്തെത്തിയ ആളാണ് നിഖില വിമല്‍. ലവ് 24×7 ലൂടെ നായികയായി അരങ്ങേറിയ നിഖില തമിഴില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി. 2018ല്‍ അരവിന്ദന്റെ അതിഥികളിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായി. ഈ വര്‍ഷം തമിഴിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ വാഴൈയിലും നിഖിലയുടെ സാന്നിധ്യമുണ്ടായിരുന്നു. പൂങ്കൊടി എന്ന അധ്യാപികയായാണ് വാഴൈയില്‍ നിഖില എത്തിയത്.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിഖില വിമല്‍. മലയാളത്തിലേത് പോലെ ഓരോ ഷോട്ടായിട്ടല്ല മാരി സെല്‍വരാജ് ഷൂട്ട് ചെയ്യുന്നതെന്ന് നിഖില പറഞ്ഞു. ഒരു സീന്‍ ഒറ്റയടിക്ക് എടുത്തുതീര്‍ക്കുന്നതാണ് മാരിയുടെ രീതിയെന്നും സെറ്റിലെത്തിയ സമയത്ത് തനിക്ക് അത് പുതുമയായി തോന്നിയെന്നും നിഖില കൂട്ടിച്ചേര്‍ത്തു. സീനിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള എല്ലാ ഡയലോഗും പല ആംഗിളിലും പറയേണ്ടി വന്നിരുന്നുവെന്ന് നിഖില പറഞ്ഞു.

ഓരോ പ്രാവശ്യവും മാരി എന്തെങ്കിലും കറക്ഷന്‍ പറയുമായിരുന്നെന്നും അത് വല്ലാതെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുമായിരുന്നെന്നും നിഖില കൂട്ടിച്ചേര്‍ത്തു. എല്ലാം കൂടി ഒരുമിച്ചാകുമ്പോള്‍ പ്രഷറായിട്ട് തളര്‍ന്ന് കരഞ്ഞിട്ടുണ്ടെന്നും നിഖില പറഞ്ഞു. ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അത് ശീലമായെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ഒറിജിനല്‍സിനോട സംസാരിക്കുകയായിരുന്നു നിഖില.

‘വാഴൈയില്‍ വര്‍ക്ക് ചെയ്തത് മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു. മലയാളത്തില്‍ ഓരോ ഷോട്ടും പെട്ടെന്ന് എടുത്ത് തീര്‍ക്കുന്ന പരിപാടിയാണല്ലോ. അവിടെ അങ്ങനെയല്ലായിരുന്നു. മാരി സാറിന്റെ വര്‍ക്കിങ് പാറ്റേണ്‍ എങ്ങനെയാണെന്ന് വെച്ചാല്‍ ഒരു സീന്‍ മുഴുവനായിട്ട് എടുക്കുന്നതാണ്. ഷോട്ട് വൈസ് കട്ട് ചെയ്യുന്നതല്ല. ആദ്യം മുതല്‍ അവസാനം വരെയുള്ള ഡയലോഗുകള്‍ നമ്മള്‍ പറയേണ്ടി വരും. അതും പല ആംഗിളില്‍ ഷൂട്ട് ചെയ്യും.

ഓരോ തവണയും പുള്ളി എന്തെങ്കിലമൊക്കെ കറക്ഷനും പറയും. ഇതൊക്കെ കേട്ട് പ്രഷറായി ടെന്‍ഷനടിച്ച് തളര്‍ന്ന് സങ്കടപ്പെട്ട് ഇരിക്കും. ആദ്യത്തെ രണ്ട് ദിവസം മാത്രമേ അങ്ങനെ ഉണ്ടായുളളൂ. പിന്നീട് അതുമായി പൊരുത്തപ്പെട്ടു. പുള്ളിയുടെ ഐഡിയയുമായി നമ്മള്‍ സിങ്കായിക്കഴിഞ്ഞാല്‍ പിന്നെ എളുപ്പമായി തോന്നും. എവിടെയൊക്കെയാകും കട്ട് ചെയ്യുക എന്ന് മനസിലാകും,’ നിഖില പറഞ്ഞു.

Content Highlight: Nikhila Vimal about Mari Selvaraj and Vaazhai movie

We use cookies to give you the best possible experience. Learn more