ആസിഫ് അലി-നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം കൊലപാതക രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയകുടിപ്പകയില്‍ കത്തിയെരിഞ്ഞുപോകുന്ന കുടുംബങ്ങളെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.
കൊത്തില്‍ ഏറ്റവും കൂടുതല്‍ ടേക്ക് എടുത്ത സീനിനെ കുറിച്ചും അതിന് ശേഷമുള്ള സംവിധായകന്‍ സിബി മലയിലിന്റെ രസകരമായ കമന്റിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിഖില വിമല്‍. 40 ലേറെ തവണ ടേക്ക് പോയ സീനിനെ കുറിച്ചാണ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഖില പറയുന്നത്.
കൊത്തില്‍ ഞാനും ആസിഫ് ഇക്കയും കൂടിയുള്ള ഒരു സീനുണ്ട്. നീ രാഷ്ട്രീയക്കാരനാണോ എന്നൊക്കെ ഞാന്‍ ചോദിക്കുന്ന സീന്‍. അതില്‍ ഞാന്‍ വരുന്ന എന്‍ട്രി സീന്‍ 40 ടേക്ക് വരെ പോയി. ചെറിയ സ്‌പേസ് മാത്രമാണ്. ഡോറില്‍ നിന്ന് തൂണുവരെ നടന്നുവരുന്ന സീനാണ്. അത് സാര്‍ ജിബ്ബില്‍ 100 എം.എം ലെന്‍സിട്ട് വിന്‍ഡോയുടെ ഉള്ളിലൂടെയാണ് പിടിക്കാന്‍ നോക്കുന്നത്.
100 ലെന്‍സ് ജിബ്ബില്‍ ഇട്ട് ചെയ്യുക എന്ന് പറയുന്നത് ഫോക്കസ് കിട്ടാന്‍ കുറച്ച് ബുദ്ധിമുട്ടുള്ള പരിപാടിയായിരുന്നു. ഫോക്കസ് പോകുന്നതുകൊണ്ട് 40 ടേക്കെങ്കിലും ആയി. അതാണ് ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ ടേക്ക് പോയത്.
നൈറ്റ് ഷൂട്ടായിരുന്നു. അത്രയും സ്‌ട്രെസ് ആയിരുന്നു. ശ്ശേ, ഇതെന്താണ് അല്ലേ എന്ന് ഞാന്‍ ചോദിച്ചു. എനിക്ക് അറിയില്ലായിരുന്നു ഇത് എന്തുകൊണ്ടാണ് ഇത്രയും ടേക്ക് പോകുന്നത് എന്ന്. ഇതോടെ ‘ഇത് എന്റെ ഐഡിയായിപ്പോയി. വേറെ ആരുടേലും ഐഡിയ ആയിരുന്നെങ്കില്‍ എന്തേലും പറയാമായിരുന്നു’ എന്നായിരുന്നു സിബി സാറിന്റെ മറുപടി (ചിരി).
ഒടുവില്‍ നമുക്കിത് മാറ്റി ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞ് വേറെ എടുത്തു. അപ്പോഴാണ് എനിക്ക് ജിബ്ബില്‍ 100 എം.എം ലെന്‍സിട്ട് ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് മനസിലായത്. ജിബ്ബില്‍ ഫോക്കസ് കിട്ടാത്തതാണെന്ന് മനസിലായിട്ടുണ്ടായിരുന്നു. നമ്മുടെ നടത്തത്തിന്റെ വേഗത ഒന്ന് ചെറുതായി തെറ്റിയാല്‍ പോലും ഫോക്കസ് പോകുമെന്നൊക്കെ അറിയുന്നത് അങ്ങനെയാണ്, നിഖില പറഞ്ഞു.
കരിയറായി സിനിമ എടുത്തുകഴിഞ്ഞല്ലോ. ഭാവിയും സിനിമ തന്നെയാണ്. മനസില്‍ മുഴുവന്‍ സിനിമയാണോ എന്ന ചോദ്യത്തിന് മനസില്‍ മുഴുവന്‍ അഭിനയമാണെന്നായിരുന്നു നിഖിലയുടെ മറുപടി. അഭിനയത്തില്‍ എന്തൊക്കെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റുമെന്നാണ് ആലോചിക്കുന്നതെന്നും തിയേറ്റര്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും നിഖില പറഞ്ഞു.
പണ്ട് തിയേറ്റര്‍ ചെയ്യാന്‍ പേടിയായിരുന്നു. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അച്ഛന് ഒരു തിയേറ്റര്‍ കമ്പനിയൊക്കെയുണ്ടായിരുന്നു. പക്ഷേ എനിക്കെന്തോ സ്‌റ്റേജില്‍ കയറാനൊക്കെ ചമ്മലായിരുന്നു. അന്ന് ഡാന്‍സാണ് മെയിനായി ചെയ്തുകൊണ്ടിരുന്നത്, നിഖില പറഞ്ഞു.
Content Highlight: Nikhila Vimal about kothu Movie Shoot and retakes