| Monday, 23rd September 2024, 4:26 pm

ഫൈറ്റ്മാസ്റ്ററൊന്നും ഇല്ലാതെ ചെയ്ത ഫൈറ്റായിരുന്നു, അത്യാവശ്യം അടിയൊക്കെ ആ സമയത്ത് കിട്ടി: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24 x 7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത കഥ ഇന്നുവരെയാണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം.

നിഖില. മാത്യു തോമസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ജോ ആന്‍ഡ് ജോ. നവാഗതനായ അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിഖല വിമല്‍. ആ സിനിമയുടെ ക്ലൈമാക്‌സില്‍ താനും മാത്യുവും തമ്മിലുള്ള അടിപിടി റിയലായി ചെയ്തതാണെന്ന് നിഖില പറഞ്ഞു. ഫൈറ്റ് മാസ്റ്ററൊന്നും ഇല്ലാത്ത സീനായിരുന്നെന്നും ചുമ്മാ അടികൂടിക്കോ എന്ന് സംവിധായകന്‍ പറഞ്ഞുവെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

ആ സീന്‍ മൂന്ന് ടേക്ക് വരെ പോയിരുന്നെന്നും ആ അടിപിടി യഥാര്‍ത്ഥത്തില്‍ നടന്നെന്നും നിഖില പറഞ്ഞു. ചുമരിലും വാതിലിലും കൈയും തോളുമൊക്കെ ഇടിച്ച് ചതഞ്ഞിരുന്നുവെന്നും ഷൂട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് വേദന തുടങ്ങിയതെന്നും നിഖില കൂട്ടിച്ചേര്‍ത്തു. തനിക്ക് മടുക്കുന്നതുവരെ താന്‍ മാത്യുവിനെ തല്ലുമെന്നും അത് കഴിഞ്ഞ് അവന് മടുക്കുന്നത് വരെ തന്നെ തല്ലുമായിരുന്നെന്നും നിഖില പറഞ്ഞു. ബീ ഇറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്.

‘ജോ ആന്‍ഡ് ജോയില്‍ ഞാനും മാത്യുവും അടികൂടുന്ന സീന്‍ ശരിക്ക് എടുത്തതായിരുന്നു. ഫൈറ്റ് മാസ്റ്ററൊന്നും ഇല്ലാതെയാണ് ആ സീന്‍ ചെയ്തത്. ക്യാമറയൊക്കെ സെറ്റ് ചെയ്ത് വെച്ചിട്ട് ‘അടികൂടിക്കോ’ എന്ന് ഡയറക്ടര്‍ പറഞ്ഞു. ഞാനും മാത്യുവും കൂടി അടികൂടി. എനിക്ക് തളരുന്ന വരെ ഞാനും അവന് തളരുന്നതുവരെ അവനും തല്ലുകൂടിക്കൊണ്ടിരുന്നു. ശരിക്കുള്ള അടിയായതുകൊണ്ട് വാതിലിലും ചുമരിലും ഒക്കെ പോയിടിച്ച് കൈയും തോളുമൊക്കെ നല്ല വേദനയായിരുന്നു.

മൂന്ന് ടേക്കെടുത്ത സീനായിരുന്നു അത്. അത്രയുമായപ്പോള്‍ ബോഡിക്ക് നല്ല വേദനയായി. രാത്രിയായപ്പോഴാണ് ശരിക്ക് വേദന സ്റ്റാര്‍ട്ടായത്. മാത്യു പിന്നെ ഫുള്‍ ടൈം ക്യാരക്ടറായി നടക്കുകയായിരുന്നു. മെത്തേഡ് ആക്ടറാണവന്‍. മെത്തേഡ് മാത്യു എന്നാണ് അവനെ ഞാന്‍ വിളിച്ചിരുന്നത്. റൂമില്‍ നിന്ന് ലൊക്കേഷനിലേക്കെത്തുന്നത് തന്നെ ക്യാരക്ടറിന്റെ ഡ്രസ്സിലായിരുന്നു,’ നിഖില വിമല്‍ പറഞ്ഞു.

Content Highlight: Nikhila Vimal about Jo and Jo movie and Mathew Thomas

We use cookies to give you the best possible experience. Learn more