തമാശയാണെന്ന് തോന്നുമെങ്കിലും ഗുരുവായൂരമ്പല നടയിലെ ആ സീൻ കോമഡിയല്ല, റിയൽ ലൈഫിൽ ഞാൻ പ്രതികരിക്കും: നിഖില
Entertainment
തമാശയാണെന്ന് തോന്നുമെങ്കിലും ഗുരുവായൂരമ്പല നടയിലെ ആ സീൻ കോമഡിയല്ല, റിയൽ ലൈഫിൽ ഞാൻ പ്രതികരിക്കും: നിഖില
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th September 2024, 11:29 am

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം  ബോക്‌സ് ഓഫീസില്‍ വലിയ കളക്ഷനും നേടിയിരുന്നു.

ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, ബൈജു സന്തോഷ് തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. ചിത്രത്തിലെ ഒരു കോമഡി സീനിനെ കുറിച്ച് സംസാരിക്കുകയാണ് നിഖില.

 

ചിത്രത്തിൽ ഒരു സീനിൽ പൃഥ്വിരാജ് നിഖിലയുടെ കഥാപാത്രത്തിന്റെ തലയിലേക്ക് മീൻചട്ടി എറിയുന്നതായി കാണിക്കുന്നുണ്ട്. എന്നാൽ മീൻ ചട്ടി തെങ്ങിൽ ചെന്ന് തട്ടുന്നതായാണ് സിനിമയിൽ പ്രേക്ഷകർ കാണുന്നത്. അത്തരമൊരു സീൻ എടുക്കുമ്പോൾ പൊളിറ്റിക്കലിയും നമ്മൾ ആലോചിക്കണമെന്ന് പറയുകയാണ് നിഖില.

ചിത്രത്തിൽ ബേസിലും പൃഥ്വിരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പൊളിറ്റിക്കലി ഒട്ടും ശരിയല്ലെന്നും പക്ഷെ അവർ ചെയ്യുന്ന കാര്യങ്ങൾ ഒരു പരിധിക്കപ്പുറം കാണിക്കുന്നത് ശരിയല്ലെന്നും നിഖില പറയുന്നു. റിയൽ ലൈഫിൽ അങ്ങനെ മീൻചട്ടി എറിഞ്ഞാൽ താനും തിരിച്ചെറിയുമെന്നും നിഖില പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു നിഖില.

‘ഗുരുവായൂരമ്പല നടയിൽ രാജുവേട്ടൻ ഒരു സീനിൽ മീൻ ചട്ടി എന്റെ തലയിൽ എറിയുന്നുണ്ട്. അങ്ങനെ എറിഞ്ഞാൽ എങ്ങനെ ശരിയാവുമെന്ന് തോന്നും. പ്രാക്ടിക്കൽ കാരണം കൊണ്ടാണത്.

 

പക്ഷെ അതിന്റെ കൂടെ പൊളിറ്റിക്കലിയും നമ്മൾ ആലോചിക്കുമല്ലോ. ഒന്നാമത് സിനിമയിലെ രാജുവേട്ടന്റെയും ബേസിലിന്റെയും കഥാപാത്രങ്ങൾ എന്തൊക്കെയോയാണ് കാണിക്കുന്നത്. അതുകൊണ്ട് പൊളിറ്റിക്കലി നോക്കുകയാണെങ്കിൽ അവർ രണ്ട് പേരും ശരിയായിട്ടുള്ള ആളുകളല്ല.

അവർക്ക് കാണിക്കാം. പക്ഷെ ഒരു പരിധിയിൽ കൂടുതൽ അത് കാണിക്കുകയെന്നത് ശരിയല്ലാത്ത ഒരു സ്പേസ് ആണല്ലോ. അതുകൊണ്ടാണ് മീൻ ചട്ടി എന്റെ തലയിലേക്ക് വരാതെ തെങ്ങിലേക്ക് പോവുന്നതായിട്ട് കാണിക്കുന്നത്.

അത് കാണുമ്പോൾ തമാശ തോന്നുമെങ്കിലും അതത്ര തമാശയുള്ള കാര്യമല്ല. ശരിക്കും പറഞ്ഞാൽ, എന്റെ തലയിൽ ഒരു മീൻചട്ടി എറിഞ്ഞാൽ ഞാനും തിരിച്ച് ഏറിയും. അതാണ് എന്റെ ഒരു സ്വഭാവം. പക്ഷെ ആ സിനിമയിൽ എനിക്കത് ചെയ്യാൻ കഴിയില്ല,’നിഖില പറയുന്നു.

Content Highlight: Nikhila Vimal About Humors In Guruvayurambala Nadayil Movie