| Sunday, 22nd September 2024, 8:46 am

ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്, ഞാൻ പറയുന്നത് എല്ലാവർക്കും ഇഷ്ടപ്പെടില്ല: നിഖില വിമൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. 2009ല്‍ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ ‘ഭാഗ്യദേവത’യിലൂടെയാണ് നിഖില തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ നിഖിലക്ക് സാധിച്ചിരുന്നു. അഭിമുഖങ്ങളിലും പൊതുവിടങ്ങളിലും താൻ പറയുന്ന അഭിപ്രായങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നിഖില.

താൻ വെറുതെ ഒരു അഭിപ്രായം പറയാറില്ലെന്നും അഭിമുഖങ്ങളിൽ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിവരുമെന്നും നിഖില പറയുന്നു. തന്റെ അഭിപ്രായങ്ങളോട് ആരും യോജിക്കണമെന്നില്ലെന്നും ഭൂരിപക്ഷം പേരുടേയും അഭിപ്രായമല്ല തന്റേതെന്നും നിഖില പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു നിഖില വിമൽ.

‘ഞാൻ അങ്ങനെ ഒരിടത്തും വന്ന് വെറുതെ അഭിപ്രായം പറയാറില്ല. പത്രസമ്മേളനം വിളിച്ചൊന്നും പറയാറില്ല. ഞാൻ ചെയ്യുന്ന ജോലിയുടെ ഭാഗമായി അഭിമുഖങ്ങളിലൊക്കെ ചോദിക്കുന്ന ചോദ്യങ്ങളോട് മറുപടി പറയേണ്ടിവരും.

എൻ്റെ അഭിപ്രായമാണ് പറയുന്നത്. അതിനോട് ആരും യോജിക്കണമെന്നില്ല. യോജിക്കണമെന്ന് പറയാനുമാകില്ല. ഞാൻ പറയുന്നത് എല്ലാവർക്കും ഇഷ്ടപ്പെടാറില്ല. ഭൂരിപക്ഷം പേരും പ്രകടിപ്പിക്കുന്ന അഭിപ്രായമല്ല എന്നതിനാലാകും അത്,’നിഖില പറയുന്നു.

മലയാള സിനിമയിൽ വലിയ ചലനം ഉണ്ടാക്കിയ ഹേമകമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും നിഖില സംസാരിച്ചു.

‘ഇപ്പോൾ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ചു വർഷം മുമ്പുള്ളതാണ്. ഈ കാലയളവിൽ റിപ്പോർട്ടിന്റെ പുറത്തുതന്നെ മലയാള സിനിമയിൽ പല മാറ്റങ്ങളും ഉണ്ടായി. ഇതിന്റെ ഭാഗമായി ഉണ്ടായ നയരൂപീകരണ കമ്മിറ്റി, ഇന്റേർണൽ കമ്മിറ്റി എന്നിവയിൽ ഞാൻ അംഗമാണ്. റിപ്പോർട്ടിൽ പറയുന്ന പോലെ അനുഭവം എനിക്കുണ്ടായിട്ടില്ല.

അതിനാൽ അതിനെ നേരിട്ടും ശീലമില്ല. അത് സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ എനിക്ക് പുതിയതാണ്. ജോലി ചെയ്യുന്ന ഇടത്തിലെ സുരക്ഷയെ ഉദ്ദേശിച്ചുള്ള റിപ്പോർട്ടാണിത്. അതിനാൽ തന്നെ ആ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിനെ സ്വാഗതം ചെയ്യുന്നു,’നിഖില വിമൽ പറയുന്നു.

Content Highlight: Nikhila Vimal About Her Ideologies

Latest Stories

We use cookies to give you the best possible experience. Learn more