കണ്ണൂരിലെ മുസ്‌ലിം കല്യാണങ്ങള്‍ക്ക് ഇന്നും സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന നിഖില വിമലിന്റെ പരാമര്‍ശങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതാദ്യമായല്ല നിഖിലയുടെ പരാമര്‍ശങ്ങള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നത്. മുമ്പ് ബീഫിനെ പറ്റിയുള്ള നിഖിലയുടെ പരാമര്‍ശങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു അഭിമുഖത്തില്‍ നിഖില ‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം’ എന്ന് പറഞ്ഞതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
എന്നാല്‍ അന്ന് ഈ വിഷയം എന്തുകൊണ്ടാണ് ഇത്രയും ചര്‍ച്ചയായതെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് പറയുകയാണ് നിഖില. അത് ചര്‍ച്ച ചെയ്യാനുള്ള വിഷയമേ അല്ലെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ താന്‍ കാര്യമായിട്ടെടുക്കാറില്ലെന്നും നിഖില പറഞ്ഞു.
‘ബീഫിന്റെ കാര്യം തന്നെ ആളുകള്‍ കുറേ ദിവസം ചര്‍ച്ച ചെയ്യുമ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു എന്തിനാണ് ഇത് ഇത്ര വലിയ ചര്‍ച്ചയാക്കുന്നതെന്ന്. കാരണം അത്ര പ്രാധാന്യമുള്ള കാര്യമല്ല. അത് ചര്‍ച്ച ചെയ്യാനുള്ള ഒരു മാറ്ററേ അല്ല.
ഞാന്‍ മമ്മൂക്കയുടെ ചിത്രം നോക്കി നില്‍ക്കുന്ന ഒരു ഫോട്ടോ ഭയങ്കര വൈറലായിരുന്നു. അതെന്തിനാണ് വൈറലായതെന്ന് എനിക്ക് തന്നെ അറിയില്ല. പറയുന്നത് ഇങ്ങനെ ഊതിപ്പെരുപ്പിച്ച് വലിയ കാര്യമാക്കുന്നതിനോട് എനിക്ക് താത്പര്യമില്ല.
ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകുന്ന ഒരാളല്ല ഞാന്‍. ഞാന്‍ പറയുന്നത് എനിക്ക് പറയാനുള്ള കാര്യങ്ങളാണ്. അതല്ലാതെ മനപൂര്‍വം പറയുന്നതോ ഇത് പറഞ്ഞാല്‍ ഇങ്ങനെയാകും എന്ന് വിചാരിച്ച് പറയുന്നതോ ആയിരിക്കില്ല.
എന്റെ വായ അങ്ങനെയാണ്. ഞാന്‍ ആ രീതിയില്‍ പറഞ്ഞു പോകുന്നതാണ്. ഞാന്‍ പറയുന്നത് ഒരു ഡിസ്‌കഷന്‍ ടോപ്പിക്കാണെന്ന് എനിക്ക് തോന്നാറില്ല. സീരിയസ് ആയിട്ട് എടുക്കേണ്ടതാണെന്നൊന്നും തോന്നിയിട്ടില്ല.
സോഷ്യല്‍ മീഡിയ ഉണ്ടാക്കുന്നതൊന്നും ഒരു ഡിസ്‌കഷന്‍ ടോപ്പിക്കാണെന്ന് തോന്നിയിട്ടില്ല. ഒരു ഇന്‍സിഡന്റിനെ കണ്ടിട്ട് വിടാന്‍ പഠിക്കേണ്ടതുണ്ട്. അതില്‍ ഇരുന്ന് ചര്‍ച്ച ചെയ്യുകയോ അതിന്റെ പേരില്‍ വേറെ നാല് ഇന്റര്‍വ്യൂ കൊടുക്കാനൊന്നും താല്‍പര്യമില്ല,’ നിഖില പറഞ്ഞു.
അയല്‍വാശിയാണ് ഉടന്‍ റിലീസിനെത്തുന്ന നിഖിലയുടെ ചിത്രം. ഇര്‍ഷാദ് പെരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നസ്‌ലിന്‍, ലിജോ മോള്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: nikhila vimal about her beef statement and social media discussions