| Saturday, 21st September 2024, 3:10 pm

ഗുരുവായൂരമ്പല നടയില്‍ തിയേറ്ററില്‍ വര്‍ക്കാകുമെന്ന് ഏറ്റവും കോണ്‍ഫിഡന്‍സ് അയാള്‍ക്കായിരുന്നു: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 90 കോടിയോളം കളക്ട് ചെയ്തിരുന്നു. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, ബൈജു സന്തോഷ് തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. ചിത്രത്തിന്റെ പ്രിവ്യൂ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നിഖില വിമല്‍.

പ്രിവ്യൂ കണ്ടുകൊണ്ടിരുന്നപ്പോള്‍ ആര്‍ക്കും ചിരി വന്നിരുന്നില്ലെന്നും ആദ്യമായി ഒരു കോമഡി സിനിമ കണ്ട് ആരും ചിരിക്കാതിരിക്കുന്നത് കണ്ടത് അപ്പോഴായിരുന്നെന്നും നിഖില പറഞ്ഞു. സ്‌ക്രിപ്റ്റ് വായിക്കുമ്പോഴും ഷൂട്ടിന്റെ സമയത്തും ചിരിച്ച പല ഭാഗങ്ങള്‍ക്കും പ്രിവ്യൂവിന്റെ സമയത്ത് സൈലന്റ് റെസ്‌പോണ്‍സായിരുന്നുവെന്നും നിഖില പറഞ്ഞു. അതെല്ലാം കണ്ടപ്പോള്‍ സിനിമ പൊട്ടിപ്പാളീസാകുമെന്നാണ് തനിക്ക് അപ്പോള്‍ തോന്നിയതെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

ആ സിനിമ തിയേറ്ററില്‍ ഉറപ്പായും വര്‍ക്കാകുമെന്ന് സംവിധായകന്‍ വിപിന്‍ ദാസിന് അപ്പോഴും നല്ല കോണ്‍ഫിഡന്‍സുണ്ടായിരുന്നെന്ന് നിഖില പറഞ്ഞു. പ്രിവ്യൂ കണ്ടിട്ട് ആരും ചിരിച്ചില്ല എന്ന കാര്യം അദ്ദേഹത്തിനോട് തങ്ങള്‍ പറയുകയും ചെയ്‌തെന്നും നിഖില കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തിയേറ്ററില്‍ പോയി ഓഡിയന്‍സിന്റെ ഇടയിലിരുന്ന് കണ്ടപ്പോഴാണ് സിനിമ വര്‍ക്കാകുമെന്ന് മനസിലായതെന്നും നിഖില കൂട്ടിച്ചേര്‍ത്തു. മൂവീ മാന്‍ ബ്രോഡ്കാസ്റ്റിങ്ങിനോട് സംസാരിക്കുകയായിരുന്നു നിഖില.

‘ഗുരുവായൂരമ്പല നടയിലിന്റെ പ്രിവ്യൂ ഷോ കണ്ടത് ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമായിരുന്നു. ആ സിനിമയിലഭിനയിച്ച കുറച്ചുപേരും അല്ലാതെ സിനിമാ ഫീല്‍ഡില്‍ നിന്നുള്ള കുറച്ചാളുകളും മാത്രമായിരുന്നു സിനിമ കണ്ടത്. ആ സമയത്ത് ഒരു സീനില്‍ പോലും ആരും ചിരിച്ചില്ല. ആദ്യമായിട്ടാണ് ഒരു കോമഡി സിനിമ കണ്ടിട്ട് ആരും ചിരിക്കാതെയിരിക്കുന്നത് കാണുന്നത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോഴും ഷൂട്ടിന്റെ സമയത്തുമെല്ലാം എല്ലാവരും ചിരിച്ച ഏരിയയില്‍ പോലും ആരും ചിരിക്കുന്നുണ്ടായിരുന്നില്ല.

ഇതൊക്കെ കണ്ടപ്പോള്‍ ഈ പടം പൊട്ടിപ്പാളീസാകുമെന്ന് തോന്നി. ഈ കാര്യം ഞങ്ങള്‍ വിപിന്‍ ദാസിനോട് പറയുകയും ചെയ്തു. പക്ഷേ ഈ പടം തിയേറ്ററില്‍ വര്‍ക്കാകുമെന്ന് ഏറ്റവും വലിയ കോണ്‍ഫിഡന്‍സ് പുള്ളിക്കായിരുന്നു. സിനിമ റിലീസായ ശേഷം ഓഡിയന്‍സിന്റെ ഇടയിലിരുന്ന് കണ്ടപ്പോഴാണ് പടം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്ന് മനസിലായത്. പിന്നീട് വാഴ റിലീസായ സമയത്തും അതേ കോണ്‍ഫിഡന്‍സ് വിപിന്‍ ചേട്ടന്റെ മുഖത്ത് കാണാന്‍ സാധിച്ചു. ആ സിനിമയും വലിയ ഹിറ്റായി,’ നിഖില വിമല്‍ പറഞ്ഞു.

Content Highlight: Nikhila Vimal about Guruvayoorambala Nadayail movie

We use cookies to give you the best possible experience. Learn more