ആ സൂപ്പർ ഹിറ്റ്‌ ചിത്രത്തിൽ അഭിനയിക്കാത്തത് കൊണ്ടാണ് ഞാൻ ഇന്നും സിനിമ ചെയ്യുന്നത്: നിഖില വിമൽ
Entertainment
ആ സൂപ്പർ ഹിറ്റ്‌ ചിത്രത്തിൽ അഭിനയിക്കാത്തത് കൊണ്ടാണ് ഞാൻ ഇന്നും സിനിമ ചെയ്യുന്നത്: നിഖില വിമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th September 2024, 8:04 am

ടെലിവിഷൻ പരമ്പരയിലൂടെ മിനിസ്‌ക്രീനിൽ എത്തി സത്യൻ അന്തിക്കാട് ഒരുക്കിയ ഭാഗ്യദേവതയിലൂടെ സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് നിഖില വിമൽ. ബാലതാരമായി കരിയർ തുടങ്ങിയ നിഖില അധികം വൈകാതെ തന്നെ തിരക്കുള്ള നായികയായി മാറിയിരുന്നു.

ഈ വർഷം ഇറങ്ങിയ നിഖിലയുടെ ഗുരുവായൂരമ്പല നടയിൽ, തമിഴിൽ ഇറങ്ങിയ വാഴൈ, നുണക്കുഴി എന്നിവയെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. തമിഴിൽ ഇറങ്ങി സൂപ്പർ ഹിറ്റായി മാറിയ എങ്കേയും എപ്പോതും എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നിഖില.

എം. ശരവണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജയ്, ശർവാനന്ദ്, അഞ്ജലി, അനന്യ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിന്റെ കഥ താൻ കേട്ടിരുന്നുവെന്നുവെന്നും അന്ന് താൻ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നുവെന്നും നിഖില പറയുന്നു. എന്നാൽ അന്ന് സിനിമയിൽ അഭിനയിക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്നും ആ ചിത്രം ചെയ്യാത്തത് കൊണ്ടാണ് ഇപ്പോഴും താൻ സിനിമ ചെയ്യുന്നതെന്നും നിഖില പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു നിഖില.

‘എങ്കെയും എപ്പോതും എന്ന സിനിമയുടെ കഥ ഞാൻ വൺ ലൈനായി കേട്ടിട്ടുണ്ട്. പക്ഷെ ആ സമയത്ത് എനിക്ക് സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമല്ലായിരുന്നു. ഞാൻ ഒമ്പതാം ക്ലാസിലോ പത്താം ക്ലാസിലോ എങ്ങാനും പഠിക്കുമ്പോഴാണ് എങ്കേയും എപ്പോതിന്റെയും കഥ കേൾക്കുന്നത്.

അതൊരു സൂപ്പർ ഹിറ്റ്‌ സിനിമയാണ്. ആ സിനിമ ചെയ്യാത്തത് കൊണ്ടാണ് ഞാൻ ഇപ്പോഴും സിനിമ ചെയ്യുന്നത്. കാരണം ആ സിനിമ ഞാൻ ചെയ്തില്ലെന്ന് പറഞ്ഞ് ആളുകൾ ഓരോന്ന് പറഞ്ഞപ്പോഴാണ്, എന്താണ് ഈ സിനിമയിൽ ഉള്ളതെന്നറിയാനാണ് ഞാൻ വന്നത്.

അതിൽ നിന്ന് വിളിച്ചപ്പോൾ എനിക്ക് ഇഷ്ടം ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാൻ പല്ലിൽ ക്ലിപ്പ് ഇട്ടിട്ടുണ്ടായിരുന്നു. എനിക്ക് പത്താം ക്ലാസ് വരെ പല്ലിൽ ക്ലിപ്പ് ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ അവരത് അഴിക്കണമെന്ന് പറഞ്ഞു.

സാധാരണ ഒരു ഡോക്ടർ ഇടുന്ന ക്ലിപ്പ് മറ്റൊരാൾ അഴിക്കില്ല. പക്ഷെ അവർ പല സ്ഥലത്തും കൊണ്ടുപോയിട്ട് ക്ലിപ്പ് അഴിക്കാൻ പറയും. പക്ഷെ എനിക്കത് ഒരു വലിയ പ്രഷറായി മാറി. കാരണം എനിക്കത് അഴിക്കാൻ ആഗ്രഹമില്ലായിരുന്നു.

അങ്ങനെ ഓരോ പ്രശ്നമൊക്കെയായി അവസാനം ഞാൻ കരഞ്ഞു വിളിച്ചിട്ടൊക്കെയാണ് അവിടെ നിന്ന് തിരിച്ച് വന്നത്. പത്താം ക്ലാസിൽ അല്ലേ വലിയ ബോധമൊന്നുമില്ല,’നിഖില പറയുന്നു.

Content Highlight: Nikhila Vimal About Engeyum Epothum Movie