| Friday, 5th January 2024, 10:53 am

അതിനെപ്പറ്റി കൃത്യമായ ധാരണയില്ലാത്തതു കൊണ്ടാണ് പല പെണ്‍കുട്ടികളും അങ്ങനെയൊരു അവസ്ഥയിലെത്തുന്നത്: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളുടെ തെരഞ്ഞെടുപ്പുകള്‍ കൊണ്ടും അഭിനയം കൊണ്ടും ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് നിഖില വിമല്‍. ബാലതാരമായി സിനിമയിലേക്കെത്തുകയും പിന്നീട് 2015ല്‍ പുറത്തിറങ്ങിയ ലവ് 24×7 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയും ചെയ്ത നിഖില പിന്നീട് തമിഴിലും തെലുങ്കിലും അരങ്ങേറി. 2018ല്‍ പുറത്തുവന്ന അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മലയാളത്തിലേക്കെത്തുന്നത്.


പോയ വര്‍ഷം പോര്‍ തൊഴില്‍ എന്ന തമിഴ് സിനിമയിലെ നിഖിലയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ വെബ് സീരീസായ പേരില്ലൂര്‍ പ്രീമിയര്‍ ലീഗിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ സ്ത്രീധനത്തെക്കുറിച്ചുള്ള  തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കുകയാണ് നിഖില . ‘സമൂഹം ഉണ്ടാക്കിവെച്ച ഒരു സമ്പ്രദായത്തിന്റെ ഭാഗമായാണ് സ്ത്രീധനം കൊടുക്കുന്നത് ഇപ്പോഴും തുടരുന്നത്. വാങ്ങുന്നവരായാലും കൊടുക്കുന്നവരായാലും അങ്ങനെ ഒരു ചിന്താഗതി വെച്ചാവാം കൊടുക്കുന്നത്. പണ്ട് ഉണ്ടായിരുന്ന ഒരുപാട് കാര്യങ്ങള്‍ മാറിയതുപോലെ ഭാവിയില്‍ ഇതും മാറിയേക്കാം.

എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ സ്വയം ജീവനൊടുക്കുക എന്നതിന് പകരം സ്വന്തം ജീവിതമാണ് വലുത് എന്ന് തീരുമാനിച്ച് അവിടെനിന്ന് ഇറങ്ങി വരികയാണ് വേണ്ടത്. അതിനുള്ള ധൈര്യമാണ് എല്ലാവര്‍ക്കും വേണ്ടത്. മിക്ക സ്ത്രീകളും സ്ത്രീധനത്തിന് സമ്മതിക്കുന്നത് വലിയ ധാരണയില്ലാത്തതു കൊണ്ടാണ്. ജീവിതം പിന്നീട് എന്താവും, ഞാന്‍ ഇയാളെ ആശ്രയിച്ച് ജീവിക്കേണ്ടതാണല്ലോ എന്നുള്ളതുകൊണ്ടാണ് അങ്ങനെയൊരു അവസ്ഥയിലേക്കെത്തുന്നത്.

നമ്മള്‍ ഇന്‍ഡിപെന്‍ഡന്റാവുക, നമുക്ക് സാമ്പത്തിക സ്ഥിരത ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. ഭര്‍ത്താവിന്റെ കുടുംബത്തെ നന്നാക്കുക എന്നതല്ല നോക്കേണ്ടത്. നമുക്ക് ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റി ഉണ്ടെങ്കില്‍ നമ്മുടേതായ ഒരു സ്‌പേസ് കിട്ടും. ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് അതിപ്പോ കൂലിപ്പണി എടുക്കുന്ന പെണ്‍കുട്ടിയണെങ്കില്‍പ്പോലും ആ ഒരു ജോലിയുടെ ധൈര്യത്തില്‍ അവര്‍ക്ക് നല്ലൊരു തീരുമാനമെടുത്ത് പുറത്തുവരാന്‍ സാധിക്കും,’ നിഖില പറഞ്ഞു.

Content Highlight: Nikhila Vimal about dowry abuse

Latest Stories

We use cookies to give you the best possible experience. Learn more