| Monday, 26th August 2024, 9:42 am

അഴകിയ ലൈല പാട്ട് ഇങ്ങനെ പ്ലെയ്‌സ് ചെയ്യുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല: നിഖില വിമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് നിഖില വിമല്‍. ശ്രീബാല കെ. മേനോന്‍ സംവിധാനം ചെയ്ത ലവ് 24 x 7 എന്ന ചിത്രത്തിലൂടെ നായികയായും നിഖില അരങ്ങേറി. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ നിഖിലക്ക് സാധിച്ചു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈയാണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം. മികച്ച പ്രതികരണമാണ് വാഴൈക്ക് ലഭിക്കുന്നത്.

ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറിയ ഗുരുവായൂരമ്പല നടയിലും നിഖില പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ നിഖിലയെ കാണിക്കുന്ന സീനില്‍ ‘അഴകിയ ലൈല’ എന്ന തമിഴ് പാട്ട് പ്ലെയ്‌സ് ചെയ്തത് വ്യത്യസ്ത അനുഭവമായിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ തമിഴിലെ പല ഇന്‍സ്റ്റഗ്രാം പേജിലും നിഖിലയുടെ സീനുകള്‍ വൈറലായി.

ഷൂട്ടിന്റെ സമയത്ത് പാട്ടൊന്നും ഇല്ലായിരുന്നെന്നും അഴകിയ ലൈല എന്ന പാട്ട് ഉപയോഗിക്കുന്നുണ്ടെന്നുള്ള കാര്യം തനിക്കറിയാമായിരുന്നെന്നും നിഖില വിമല്‍ പറഞ്ഞു. എന്നാല്‍ അത് തന്നെ കാണിക്കുമ്പോഴുള്ള സീനിലാണെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്നും ഒ.ടി.ടി റിലീസിന് ശേഷം തന്നെ ടാഗ് ചെയ്തുകൊണ്ട് പല റീലും വന്നപ്പോഴാണ് ആ സീനിന്റെ ഇംപാക്ട് മനസിലായതെന്നും നിഖില കൂട്ടിച്ചേര്‍ത്തു. എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്.

‘ഷൂട്ടിന്റെ സമയത്ത് ഈ പാട്ട് എവിടെയും ഇട്ടിട്ടുണ്ടായിരുന്നില്ല. ‘അഴകിയ ലൈല’ എന്ന പാട്ട് ഈ സിനിമയില്‍ യൂസ് ചെയ്യുന്നുണ്ടെന്ന് മാത്രമേ ആ സമയത്ത് അറയുള്ളൂ. പക്ഷേ അത് എന്റെ ക്യാരക്ടറിനെ കാണിക്കുമ്പോഴാണെന്ന് എനിക്ക് അറിയില്ലായിരുന്നു. തിയേറ്ററില്‍ ആ സീനിന് ചെറിയ രീതിയിലുള്ള റെസ്‌പോണ്‍സാണ് കിട്ടിയത്. ഇത്രയേ ഉള്ളോ എന്നാണ് ആ സമയം വിചാരിച്ചത്.

പക്ഷേ ഒ.ടി.ടി റിലീസിന് ശേഷമാണ് എല്ലാം മാറിയത്. എന്നെ ടാഗ് ചെയ്തുകൊണ്ട് കുറേ റീലുകള്‍ കണ്ടു. തമിഴില്‍ ഇപ്പോള്‍ ആ പാട്ടാണ് ട്രെന്‍ഡിങ്ങെന്ന് അപ്പോഴാണ് മനസിലായത്. പലര്‍ക്കും എന്റെ പേര് അറിയല്ല, പാര്‍വതി, അഴകിയ ലൈല എന്നൊക്കയാണ് പല റീലിലും എനിക്ക് പേരിട്ടിരിക്കുന്നത്. ഇത്ര റീച്ച് ഞാനടക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല,’ നിഖില പറഞ്ഞു.

Content Highlight: Nikhila Vimal about Azhakiya Laila song in Guruvayoorambala Nadayil movie

We use cookies to give you the best possible experience. Learn more