| Saturday, 9th September 2023, 4:36 pm

അറ്റ്‌ലിക്ക് തെറ്റിയിട്ടില്ല; നമ്മള്‍ മറന്നുപോയ അഴിമതികളാണ് അദ്ദേഹം ഓര്‍മിപ്പിച്ചത്

നിഖിൽ വിജയരാജൻ

സൈന്യത്തിന് വേണ്ടി നിലവാരം ഇല്ലാത്ത ആയുധങ്ങള്‍ വാങ്ങിയ ആരോപണം പണ്ട് മുതലേ ഉണ്ട്. നമ്മുടെ FIR ഒക്കെ അതാണ് വിഷയം. ബോഫോഴ്സ് കേസ് പീരങ്കി വാങ്ങിയതില്‍ ഉള്ള അഴിമതി ആണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ബി.ഐ. ഡയറക്ടര്‍ മാധവന്‍ ആയിരുന്നു. മുകളില് നിന്നുള്ള സമ്മര്‍ദം സഹിക്ക വയ്യാതെ അദ്ദേഹം ഉദ്യോഗം രാജിവെച്ചു. ശവപ്പെട്ടി കുംഭകോണം എന്നൊരു അഴിമതി കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാര്‍ക്ക് വേണ്ടി ശവപ്പെട്ടി വാങ്ങിയതും ആയി ബന്ധപ്പെട്ടതാണ്. അതും ഇവിടെ കൂട്ടി വായിക്കാം.

ഭോപ്പാല്‍ വിഷവാതക ദുരന്തം ഒരിടത്ത് ഡയലോഗ് വഴിയും ഒരിടത്ത് ഫ്‌ളാഷ് ബാക്ക് വഴിയും കാണിക്കുന്നുണ്ട്. അതും സര്‍ക്കാരിന്റെ അനാസ്ഥയാണ് എന്ന് ആരോപണം ഉണ്ടായിട്ടുണ്ട്. ഇത് രണ്ടും പഴയകാലത്ത് നടന്നത് ആണെങ്കില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം കുറെക്കൂടി പുതിയത് ആണ്. അതിന്റെ പേരില്‍ ആ ഡോക്ടര്‍ക്ക് എതിരേ കേസ് വന്നിരുന്നു.

കര്‍ഷക ആത്മഹത്യയ്ക്ക് പിന്നെ പുതുമയും പഴമയും ഇല്ല. എന്റെ ആയുസില്‍ മുഴുവന്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ വായിച്ചിട്ടുണ്ട്, ഇന്നും വായിക്കുന്നു. ഒരുതവണ പോലും അതിനു പരിഹാരം ഉണ്ടായതായി കണ്ടിട്ടില്ല. ഈ അടുത്തും ഒരു വീട്ടില്‍ നിന്ന് കുട്ടികളെ ഇറക്കി വിട്ടപ്പോള്‍ എം. എല്‍.എ. വന്ന് പൂട്ട് തകര്‍ത്തതും അതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ കേസ് വന്നതുമൊക്കെ വാര്‍ത്ത ആയിരുന്നല്ലോ.

അതിസമ്പന്നരുടെ ആയിരക്കണക്കിന് കോടി രൂപ എഴുതി തള്ളിയ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പലരും കോടികള്‍ അടയ്ക്കാതെ ഇന്ത്യ വിട്ടു പോയി. ആ സമയത്ത് ബാങ്കുകള്‍ പലവിധത്തില്‍ ഫീസുകള്‍ ചുമത്തി 35000 കോടി രൂപ ആ ഇനത്തില്‍ സമ്പാദിച്ച വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് വന്നത്. നമ്മള്‍ സാധാരണക്കാരായ സിനിമ പ്രേക്ഷകര്‍ ആണ്. നമുക്ക് ഒരു സ്വഭാവം ഉണ്ട്. നമ്മള്‍ മറന്നു പോകും. അങ്ങനെ മറന്നുപോയ അഴിമതികള്‍ ആണ് അറ്റ്ലി നമ്മളെ തൊട്ടു കാണിച്ചത്.

ഒന്ന് തലോടി പോയ വോട്ടിങ് മെഷീന്‍ വിഷയം, തൊടാതെ പോയ സ്‌പെക്ട്രം കുംഭകോണം, മുദ്ര പത്രം കുംഭകോണം, നന്ദിഗ്രാം പ്രശ്‌നം, കല്‍ക്കരി ഖനി വിവാദം, തീവ്രവാദവും അധോലോകവും ഒക്കെ ഇതിന്റെ കൂടെ അയാള്‍ പറഞ്ഞില്ലെങ്കിലും നമുക്ക് ഓര്‍ക്കാം. വോട്ട് ചോദിക്കാന്‍ വരുമ്പോള്‍ ഇതൊക്കെ ഓര്‍ത്തിട്ട് ഒരു ചോദ്യമെങ്കിലും തിരിച്ചു ചോദിക്കണം എന്നാണ് അയാള് പറഞ്ഞത്.

ഷാരൂഖ് ഖാന്‍ പൊതു വേദിയില്‍ സാമൂഹ്യവും രാഷ്ട്രീയവും ആയ പ്രശ്‌നങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. അയാള്‍ തന്റെ കൊമേഴ്‌സ്യല്‍ സിനിമകളില്‍ അത് പറയാന്‍ ഇടം കിട്ടുമ്പോള്‍ മാറി നിന്നിട്ടും ഇല്ല. ഹേ റാം, സ്വദേശ്, ശക്തി തുടങ്ങിയ സിനിമകള്‍ വഴിയാണ് പുള്ളി തന്റെ നയം വ്യക്തമാക്കിയത്. കരിയറിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ബോംബെ ബെല്‍റ്റില്‍ നിന്ന് പുറത്ത് വന്നു സിനിമകള്‍ ചെയ്യാനും അവരുമായി സഹകരിക്കാനും അദേഹം തയാറായി. ഇങ്ങനെ ഇന്ത്യയിലെ ഓരോ കുട്ടിയും അറിയുന്ന ഷാരൂഖ് ഖാനെ കയ്യില്‍ കിട്ടിയപ്പോള്‍ അറ്റ്‌ലീ ചെയ്തത് ജനങ്ങള്‍ മറന്നു പോയത് ഒക്കെ ഓര്‍മപ്പെടുത്തുകയാണ്.

അത് ഒരു റീമേക്ക് പൊളിപ്പടം ആണെന്ന് നമുക്ക് തോന്നും. കാരണം ഇന്ത്യയില്‍ തന്നെ മികച്ച കഥകള്‍ കണ്ടു വളര്‍ന്നവര്‍ ആണ് മലയാളികള്‍. തമിഴും ഒട്ടും മോശമല്ല. നമ്മള് പറയാത്ത സാമൂഹ്യ വിഷയങ്ങള്‍ ഇല്ല. ഇതിലെ സീനുകള്‍ മുന്‍പ് വന്ന പല സിനിമകളിലെ സീനുകള്‍ ആയി സാമ്യവും നമ്മള്‍ ഓര്‍ത്തെടുക്കും. എന്നാല്‍ ഇതൊക്കെ ഇവിടെ നടന്നത് ആണെന്ന് നമ്മള്‍ എന്നാണ് ഇനി ഓര്‍ക്കാന്‍ പോകുന്നത്?

നമുക്ക് ഇന്ത്യയുടെ കിഴക്ക് ഇന് പറഞ്ഞാല്‍ ബംഗാളിയാണ്. ആസാംകാരനെ പരിചയപ്പെട്ടാലും നിങ്ങളുടെ അടുത്തുള്ള ബംഗാളികളെ നമുക്കറിയാം എന്ന് പറയും. കേരളത്തില്‍ നിന്ന് എന്ന് പറഞ്ഞപ്പോള്‍ അവിടെ ബെംഗളൂരു ഒക്കെ ഞാന്‍ വന്നിട്ടുണ്ട് എന്ന് പറഞ്ഞ ദല്‍ഹിക്കാരനെ എനിക്ക് നേരിട്ട് അറിയാം. തെക്ക് പാവങ്ങള്‍ക്ക് പാത്രം വാങ്ങാന്‍ കാശില്ല, അതുകൊണ്ട് ഇലയില്‍ ആണ് കല്യാണത്തിന് ഭക്ഷണം കഴിക്കുന്നത് എന്നാണ് ഡെറാഡൂണില്‍ ഒരാള്‍ കരുതിയിരിക്കുന്നത്. ആ ഇന്ത്യക്കാരോട് ആണ് അറ്റ്‌ലി സംസാരിക്കുന്നത്. അയാള്‍ക്ക് അതിനു സാധിക്കുന്നത് അയാള്‍ ഇതുവരെ കൊണ്ട് വന്ന ബിസിനസിന്റെ പുറത്ത് ആണ്.

മുന്‍ സിനിമകളുടെ ബിസിനസ് ഇല്ലെങ്കില്‍ അയാള്‍ക്ക് ഈ അവസരം കിട്ടുമോ? ഒരു ‘peeply live’ എടുത്ത് വെച്ചാല്‍ പ്രശംസ കിട്ടും. പക്ഷേ ഇതേ ബജറ്റില്‍ ഇതേ താര മൂല്യത്തില്‍ അടുത്ത അവസരം കിട്ടില്ല. അപ്പോള്‍ ഷാരൂഖ് ഖാന്‍ ഇന്ത്യയില്‍ ഒരു ബിസിനസ് ആണ്. അതുവെച്ച്‌ ലാഭം ഉണ്ടാക്കണം, വിദൂര ഗ്രാമ വാസികളെ, പട്ടണങ്ങളെ, നഗരങ്ങളെ കൊട്ടകയില്‍ കൊണ്ട് വരണം. അതിന് വേണ്ട, അടിച്ചാല്‍ പൊടി പാറുന്ന ഒരു ചിത്രം അയാള്‍ എടുത്തു. പക്ഷേ അങ്ങനെ ഒരു അവസരം ആദ്യം കിട്ടിയപ്പോള്‍ തന്നെ, നമ്മള്‍ മറന്നു പോയത് ഒക്കെ ഓര്‍മിപ്പിക്കാന്‍ ആണ് അദ്ദേഹം അത് ഉപയോഗിച്ചത്. ജവാനില്‍ അയാള്‍ക്ക് ഒട്ടും തെറ്റ് പറ്റിയിട്ടില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.

Content Highlight: Nikhil Vijayaraj’s write up on Jawan and Atlee

നിഖിൽ വിജയരാജൻ

We use cookies to give you the best possible experience. Learn more