|

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന് ജാമ്യം. ഹൈക്കോടതിയാണ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് അടക്കമുള്ള ഉപാധികളോടെയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ജാമ്യം അനുവധിച്ചത്.

എം.എസ്.എം കോളേജില്‍ വ്യാജ ബിരുദം ഉപയോഗിച്ച് എം.കോം അഡ്മിഷന്‍ നേടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ജൂണ്‍ 23ന് നിഖില്‍ തോമസിനെ അറസ്റ്റ് ചെയ്യുന്നത്. ഈ കേസില്‍ ജാമ്യം ലഭിക്കണമെന്ന ആവശ്യമാണ് കോടതി പരിഗണിക്കുന്നത്.

കേസിലെ ആരോപണം വിവാദമായതോടെ അഞ്ച് ദിവസം നിഖില്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് കോട്ടയം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്നായിരുന്നു ഇദ്ദേഹത്തെ പൊലീസ് പിടികൂടിയിരുന്നത്.

എം.എസ്.എം കോളേജിലെ ബി.കോം പഠനം പൂര്‍ത്തിയാക്കാത്ത നിഖില്‍ അതേ കാലയളവില്‍ തന്നെ കലിംഗ സര്‍വകലാശാലയില്‍നിന്ന് പഠിച്ച് ബിരുദം നേടിയ സര്‍ട്ടിഫിക്കറ്റാണ് പി.ജി പ്രവേശനത്തിന് ഹാജരാക്കിയത്.

നിഖില്‍ കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലന്നും സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നും രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ നിഖിലിന്റെ എം.കോം പ്രവേശനം കേരള സര്‍വകലാശാല റദ്ദാക്കിയിരുന്നു.

Content Highlight: Nikhil Thomas granted bail in fake graduation certificate case

Latest Stories