| Saturday, 15th April 2023, 11:16 pm

രണ്ട് ലക്ഷം വ്യൂവില്‍ കിടന്ന പാട്ടാണ്, കരിക്കിന്റെ വീഡിയോയില്‍ ഇട്ടതോടെ ഒരു കോടി കടന്നു: നിഖില്‍ പ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സാണ് കരിക്ക്. പോപ്പുലാരിറ്റി വര്‍ധിച്ചതോടെ ടീമിന് പുറത്ത് നിന്നുമുള്ള പ്രതിഭകള്‍ക്കായി മറ്റ് പ്ലാറ്റ്‌ഫോമുകളും കരിക്ക് ആരംഭിച്ചിരുന്നു. അതിലൊന്നായിരുന്നു സംഗീതത്തിന് പ്രധാന്യം കൊടുത്ത കരിക്ക് ട്യൂണ്‍ഡ് ചാനല്‍. ഈ ചാനലില്‍ വന്ന ജൂപ്പിറ്റര്‍ മഴ എന്ന ഗാനം വലിയ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

എന്നാല്‍ ഇതിന് ആദ്യം കാഴ്ചക്കാരുണ്ടായിരുന്നില്ലെന്നും കരിക്ക് ചാനലില്‍ വന്ന കലക്കാച്ചി സീരീസിലേക്ക് ചേര്‍ത്തപ്പോഴാണ് ആളുകളിലേക്ക് എത്തിയതെന്നും പറയുകയാണ് കരിക്ക് ഫൗണ്ടര്‍ നിഖില്‍ പ്രസാദ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

‘ഫ്രീലാന്‍സായിട്ട് ചെയ്യുന്ന മ്യൂസിക് ഡയറക്ടേഴ്‌സുമായി കണക്ട് ചെയ്യും. പല ആളുകളുമായും വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവരെല്ലാം അവരുടേതായ സ്‌പേസില്‍ ആഡും ജിംഗിളുകളുമൊക്കെ ചെയ്യുന്ന ആളുകളാണ്. അവരെ കണ്ടെത്തി കൊണ്ടുവന്ന് പാട്ടുകള്‍ ചെയ്യിപ്പിക്കാറുണ്ട്.

ജൂപ്പിറ്റര്‍ മഴ എന്നൊരു ട്രാക്ക് ചെയ്തിരുന്നു. ലോ ഫൈ ട്രാക്ക് ചെയ്യണമെന്ന പ്ലാനില്‍ ധന്വിന്‍ എന്നൊരു പയ്യനെക്കൊണ്ട് ചെയ്യിച്ചതാണ്. അത് പക്ഷേ ആ സമയത്ത് പോപ്പുലറായില്ല. അത സമയത്ത് രണ്ട് ലക്ഷം വ്യൂവിലാണ് ആ ട്രാക്ക് നിന്നത്. അത് നമ്മള്‍ കലക്കാച്ചിയില്‍ കൊണ്ടുവെച്ചപ്പോള്‍ ആളുകള്‍ അത് ട്യൂണ്‍ഡില്‍ പോയി കണ്ടു. ആ വീഡിയോ ഇപ്പോള്‍ ഒരു കോടി ക്രോസ് ചെയ്തു.

മ്യൂസിക് ആയതുകൊണ്ട് റീച്ച് കുറവായിരുന്നു. അത് കരിക്കില്‍ പ്ലേസ് ചെയ്തപ്പോഴാണ് ഇത് നല്ലതാണല്ലോ എന്ന് വിചാരിച്ച് ആളുകള്‍ പോയി കാണാന്‍ തുടങ്ങിയത്. ഇപ്പോള്‍ അത് ഭയങ്കര പോപ്പുലറായി,’ നിഖില്‍ പറഞ്ഞു.

2019ല്‍ പ്രഖ്യാപിച്ച സിനിമ തങ്ങള്‍ ഉപേക്ഷിച്ചെന്നും എന്നാല്‍ പകരം പുതിയ പ്രൊജക്ടിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചെന്നും നിഖില്‍ പറഞ്ഞു.

‘അതിനെ പറ്റി കൂടുതല്‍ പറയാനാവില്ല. തീര്‍ച്ചയായും ഹ്യൂമറിന് പ്രധാന്യം കൊടുത്തുള്ള സിനിമ ആയിരിക്കും. ഞാന്‍ തന്നെ സംവിധാനം ചെയ്യും. അതൊരു ഓള്‍ഡ് സ്‌കൂള്‍ ടൈപ്പിലുള്ള ഫീല്‍ ഗുഡ് എന്റര്‍ടെയ്നറായിരിക്കും. മറ്റ് ഇമോഷന്‍സിനും പ്രധാന്യം കൊടുത്തുള്ള കോമഡി ചിത്രമായിരിക്കും. ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും. ആദ്യമായിട്ടാണ് ഇതിനെ പറ്റി ഒരു പ്രഖ്യാപനമുണ്ടാവുന്നത്,’ നിഖില്‍ പ്രസാദ് പറഞ്ഞു.

Content Highlight: nikhil prasad talks about jupitar mazha song

We use cookies to give you the best possible experience. Learn more