| Saturday, 16th December 2023, 10:55 pm

രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കാനുള്ള യഥാര്‍ത്ഥ കാരണം; വിശദീകരിച്ച് നിഖില്‍ നാസ്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ ഇന്ത്യന്‍സിലെ രോഹിത് യുഗത്തിന് അന്ത്യമിട്ടുകൊണ്ടാണ് ഹര്‍ദിക് പാണ്ഡ്യയെ ടീം ക്യാപ്റ്റന്‍സിയേല്‍പിച്ചത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ട്രേഡിങ്ങിലൂടെ ടീമിലെത്തിച്ച ഹര്‍ദിക് പാണ്ഡ്യയുടെ കൈകളില്‍ ക്യാപ്റ്റന്‍സിയുമേല്‍പിച്ചാണ് മുംബൈ മാനേജ്മന്റ് ആരാധകരുടെ ഹൃദയത്തിലെ അവസാന ആണിയും അടിച്ചത്.

രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതില്‍ ആരാധകരും നിരാശയിലായിരുന്നു. കൂട്ടത്തോടെ മുംബൈ ഇന്ത്യന്‍സിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ അണ്‍ ഫോളോ ചെയ്താണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്.

ഇപ്പോള്‍ മുംബൈ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ നിഖില്‍ നാസ്. ബാറ്റിങ്ങിലെ മോശം പ്രകടനം കാരണമാണ് രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നാണ് സ്‌പോര്‍ട്‌സ് ടുഡേക്ക് നിഖില്‍ നാസ് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച് ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ബാറ്റിങ്ങിലെ രോഹിത് ശര്‍മയുടെ മോശം പ്രകടനമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ച് മുംബൈ ഇന്ത്യന്‍സിന് ഒരു ആശങ്കയും ഇല്ലെങ്കിലും ബാറ്ററെന്ന നിലയിലെ രോഹിത്തിന്റെ പ്രകടനത്തില്‍ തൃപ്തികരമായിരുന്നില്ല.

നിങ്ങള്‍ ഒരിക്കലും ടീമിന്റെ ക്യാപ്റ്റനെ തെരഞ്ഞെടുത്തതിന് ശേഷം പ്ലെയിങ് ഇലവനെ തെരഞ്ഞെടുക്കരുത്. ആദ്യം പ്ലെയിങ് ഇലവന്‍ തീരുമാനിച്ച ശേഷമാകണം ക്യാപ്റ്റനെ തെരഞ്ഞെടുക്കേണ്ടത്,’ നിഖില്‍ നാസ് അഭിമുഖത്തില്‍ പറഞ്ഞു.

ഗുജറാത്തിന്റെ നായകനായിരിക്കെ ട്രേഡിങ്ങിലൂടെയാണ് മുംബൈ ഹര്‍ദിക്കിനെ സ്വന്തമാക്കുന്നത്. ഐ.പി.എല്‍ മെഗാലേലത്തില്‍ നിലനിര്‍ത്താതിരുന്നതിന് പിന്നാലെ താരം ഗുജറാത്തുമായി കരാറിലെത്തുകയായിരുന്നു. രണ്ട് സീസണ്‍ ഗുജറാത്തിനെ നയിച്ച താരത്ത ട്രേഡിങ്ങിലൂടെ 15 കോടി രൂപക്കാണ് മുംബൈയിലെത്തിച്ചത്.

തങ്ങളുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ കാമറൂണ്‍ ഗ്രീനിനെ 17.5 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കൈമാറിയാണ് മുംബൈ ഹര്‍ദിക്കിനെ സ്വന്തമാക്കിയത്.

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലെത്തിയാല്‍ ക്യാപ്റ്റനായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിവെച്ചുകൊണ്ടാണ് മുംബൈ രോഹിത്തിന് പകരം ഹര്‍ദിക്കിനെ ക്യാപ്റ്റന്‍സിയേല്‍പിച്ചത്.

ക്യാപ്റ്റനായ കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കിയ ഹര്‍ദിക് ക്യാപ്റ്റന്‍സിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചതാണ്. ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ തോല്‍പിച്ചുകൊണ്ടാണ് പാണ്ഡ്യ കിരീടമുയര്‍ത്തിയത്. രണ്ടാം തവണ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുമ്പില്‍ വീണുപോകാനായിരുന്നു പാണ്ഡ്യയുടെയും കൂട്ടരുടെയും വിധി.

Content Highlight: Nikhil Naz on the reason why Rohit Sharma was dropped from the captaincy

Latest Stories

We use cookies to give you the best possible experience. Learn more