| Friday, 10th June 2022, 1:22 pm

എന്റെ ക്രെഡിബിലിറ്റി തട്ടിക്കളിക്കാന്‍ സ്വപ്നയെയോ ഷാജിനെയോ അനുവദിക്കില്ല, നടക്കുന്നത് ഗൂഢാലോചന: നികേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഷാജ് കിരണും തന്റെ പേര് പരാമര്‍ശിക്കുന്നത് ചര്‍ച്ചയാകവെ പ്രതികരണവുമായി റിപ്പോര്‍ട്ടര്‍ ടി.വി ചീഫ് എഡിറ്റര്‍ എം.വി. നികേഷ് കുമാര്‍. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അഭിമുഖത്തില്‍ തന്റെ പേരുപറഞ്ഞത് കുടുക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ആരായാലും എന്റെ പേര് ദുരുപയോഗിച്ചാല്‍ വെറുതെ വിടില്ല. എന്റെ ക്രെഡിബിലിറ്റി തട്ടിക്കളിക്കാന്‍ സ്വപ്നയേയോ ഷാജിനെയോ അനുവദിക്കാന്‍ ആവില്ല. അത് എന്നെ മാത്രമല്ല എന്റെ കൂടെ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ബാധിക്കും. അതിനാല്‍ അവസാനം വരെ പോകും.

എന്നെ സംബന്ധിച്ചിടത്തോളം ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം ഇല്ലാത്ത ആളാണ്. വീടോ കാറോ സമ്പാദിക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു സ്വതന്ത്രടെലിവിഷന്‍ ചാനല്‍ നടത്തുക വലിയ വെല്ലുവിളിയാണെന്നും നികേഷ് കുമാര്‍ പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് നികേഷ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തന്നെ തന്ത്രപൂര്‍വം പാലക്കാട് എത്തിക്കാന്‍ ശ്രമം നടന്നു. അഭിമുഖത്തിന്റെ പേര് പറഞ്ഞത് കുടുക്കാന്‍ വേണ്ടിയാണ്. ഷാജിനും സ്വപ്നയ്ക്കും പുറമേ ആരൊക്കെ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുമെന്നും നികേഷ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

താന്‍ മധ്യസ്ഥനാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു കടലാസ് തുണ്ടെങ്കിലും ഹാജരാക്കാന്‍ സ്വപ്നയെയും അഭിഭാഷകനെയും വെല്ലുവിളിക്കുകയാണ്. അങ്ങനെ തെളിയിച്ചാല്‍ പറയുന്ന പണി ചെയ്യാമെന്നും നികേഷ് കുമാര്‍ പറഞ്ഞു.

സ്വപ്ന സുരേഷിനെ ഒരിക്കലും ഞാന്‍ ഫോണില്‍ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. ഒരു വാര്‍ത്താ സോഴ്സ് എന്ന നിലയില്‍ വിളിക്കുന്നതിലോ കാണുന്നതിലോ തെറ്റില്ല. പക്ഷെ, അങ്ങനെ ഉണ്ടായിട്ടില്ലെന്നും നികേഷ് കുമാര്‍ പറഞ്ഞു.

ഷാജ് ഞാന്‍ മുഖ്യമന്ത്രിയുടെ ദൂതനാണെന്ന് പറഞ്ഞ് സ്വപ്ന സുരേഷിനെ സമീപിച്ചതെങ്കില്‍ പൊലീസ് അന്വേഷിക്കണം. ഞാന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. പക്ഷെ, രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ട്. അത് തുടരും. എല്ലാ നല്ല മാധ്യമ പ്രവര്‍ത്തകര്‍ക്കും കൃത്യമായ രാഷ്ട്രീയ വീക്ഷണം ഉണ്ടായിരുന്നു എന്ന് ഇന്ത്യയിലെ മാധ്യമ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. എന്റെ രാഷ്ട്രീയ വീക്ഷണത്തില്‍ എനിക്ക് അഭിമാനമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയിലെ പരിചയമാണ് ഷാജ് കിരണുമായിയുള്ളത്. ഇന്ത്യാവിഷനില്‍ ഞാന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയിരിക്കുന്ന ഘട്ടത്തില്‍ ട്രെയ്നിയായി വന്ന ആളാണ് ഷാജ് കിരണ്‍.

അയാളെ കൂടുതല്‍ പഠിക്കാന്‍ ദല്‍ഹിക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അതിന്റെ സാധ്യത അയാള്‍ക്ക് മനസിലായില്ല. രാജിവെച്ച് ഏഷ്യാനെറ്റില്‍ പോയി. അതില്‍ കൂടുതലായുള്ള ബന്ധം ഷാജ് കിരണുമായി ഇല്ലെന്നും നികേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Nikesh Kumar respond Swapna Suresh and ShaJ Kiran, mentioned his name during gold smuggling case discussion. 

We use cookies to give you the best possible experience. Learn more