| Thursday, 9th June 2016, 11:41 am

ഷറപോവയുമായുള്ള കരാര്‍ തുടരുമെന്ന് നൈക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് രണ്ടു വര്‍ഷത്തേക്ക് വിലക്കിയെങ്കിലും ഷറപോവയുമായുള്ള കരാര്‍ തുടരുമെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് കമ്പനിയായ നൈക്ക്. ഷറപോവ മനപൂര്‍വ്വം ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് കരുതുന്നില്ലെന്നും ടെന്നീസ് കോര്‍ട്ടില്‍ ഷറപോവ ഉടന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നൈക്ക് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

മൂന്നംഗ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷറപോവയെ രാജ്യാന്തര ടെന്നീസ് ഫെഡറേഷന്‍ രണ്ടു വര്‍ഷത്തേക്ക് വിലക്കിയിരുന്നത്.

ഉത്തേജക പരിശോധന ഫലം വന്ന സമയത്ത് ഷറപോവയുമായുള്ള കരാര്‍ അവസാനിപ്പിക്കുമെന്ന് നൈക്ക് അധികൃതര്‍ പറഞ്ഞിരുന്നു. 70 മില്ല്യണ്‍ ഡോളറിന്റെ കരാറാണ് നൈക്ക് കമ്പനിയുമായി ഷറപ്പോവക്കുള്ളത്. 2014ലാണ് എട്ടുവര്‍ഷത്തെ കരാറില്‍ താരം ഒപ്പുവെച്ചിരുന്നത്.

29കാരിയായ ഷറപോവ ഇക്കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപണിനിടെ നടന്ന ഉത്തേജക പരിശോധനയിലാണ് പരാജയപ്പെട്ടിരുന്നത്. നിരോധിത മരുന്നായ മെല്‍ഡോണിയം ഷറപോവ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. മെല്‍ഡോണിയം ഈ വര്‍ഷം ജനുവരി മുതലാണ് നിരോധിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം തനിക്കറിയില്ലെന്നായിരുന്നു ഷറപോവയുടെ വിശദീകരണം.

വിലക്കിനെ തുടര്‍ന്ന് നൈക്ക്, പോര്‍ഷെ തുടങ്ങിയ കമ്പനികള്‍ ഷറപോവയുമായുള്ള പരസ്യക്കരാര്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അഞ്ചു ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടുള്ള താരമാണ് ഷറപോവ.

We use cookies to give you the best possible experience. Learn more