നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് പരിശേധനയില്‍ പരാജയപ്പെട്ടതിന് പിന്നാലെ മരിയ ഷറപ്പോവയുമായുള്ള കരാറില്‍ നിന്നും നൈക്ക് പിന്‍മാറി. ഷറപ്പോവയെ കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകളില്‍ ദുഖമുണ്ടെന്ന് കമ്പനി പുറത്തു വിട്ട പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ എല്ലാം നിരീക്ഷിച്ച് വരികയാണെന്നും താരവുമായുള്ള കരാര്‍ നിര്‍ത്തലാക്കിയെന്നും പ്രസ്താവനയിലൂടെ കമ്പനി അറിയിച്ചു.
70 മില്ല്യണ്‍ ഡോളറിന്റെ കരാറാണ് നൈക്ക് കമ്പനിയുമായി ഷറപ്പോവക്കുള്ളത്. 2014ലാണ് എട്ടുവര്‍ഷത്തെ കരാറില്‍ താരം ഒപ്പുവെച്ചിരുന്നത്. സ്വിസ് വാച്ച് കമ്പനിയായ ടാഗ് ഹ്യൂര്‍, കാര്‍ കമ്പനിയായ പോര്‍ഷെ, കോസ്‌മെറ്റിക് ബ്രാന്‍ഡ് ആവോണ്‍, ടെന്നീസ് റാക്കറ്റ് നിര്‍മാതാക്കളായ ഹെഡ്, ബോട്ടില്‍ വാട്ടര്‍ കമ്പനി ഏവിയന്‍ തുടങ്ങിയ കമ്പനികളെല്ലാം. ഷറപ്പോവയുടെ സ്‌പോണ്‍സര്‍മാരാണ്.
ജനുവരി 26ന് ഓസ്‌ട്രേലിയന്‍ ഓപണിനിടെ നടന്ന ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി ഷറപ്പോവ കുറ്റസമ്മതം നടത്തിയിരുന്നു. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വിലക്കിയ മെല്‍ഡോനി എന്ന മരുന്നാണ് ഷറപ്പോവ ഉപയോഗിച്ചത്. 2006 മുതല്‍ താന്‍ ഈ മരുന്ന് ഉപയോഗിച്ചു വരികയാണെന്നും 2016 ജനുവരി ഒന്നിനാണ് മെല്‍ഡോനി നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും ഷറപ്പോവ പറഞ്ഞിരുന്നു.
ഷറപ്പോവയെ ഇന്റര്‍നാഷനല്‍ ടെന്നീസ് ഫെഡറേഷന്‍ താത്കാലികമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.