ന്യൂയോര്‍ക്ക്: മയക്കുമരുന്ന് ഉപയോഗിച്ച് കായിക രംഗത്തെ തന്നെ വഞ്ചിച്ച സൈക്ലിങ് ഇതിഹാസമെന്നറിയപ്പെട്ട ലാന്‍സ് ആംസ്‌ട്രോങ്ങുമായുള്ള കരാര്‍ നൈക്കി റദ്ദാക്കി.
ഉത്തേജക മരുന്നുപയോഗം മറച്ചുവെച്ചതിലൂടെ സൈക്ലിങ് എന്ന കായിക ഇനത്തെ മാത്രമല്ല കായിക മേഖലയെ തന്നെയാണ് ലാന്‍സ് ചതിച്ചതെന്ന് നൈക്കി കുറ്റപ്പെടുത്തി. സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളാണ് നൈക്കി. []
ഏഴുതവണ ടൂര്‍ ദെ ഫ്രാന്‍സ് കിരീടം നേടിയ ലാന്‍സ് കരിയറിലുടനീളം ഉത്തേജക മരുന്നുപയോഗിച്ചതായി അമേരിക്കന്‍ ഉത്തേജക വിരുദ്ധ ഏജന്‍സി (ഉസാഡ) കണ്ടെത്തിയത് അടുത്തിടെയാണ്.
കാന്‍സര്‍ രോഗികള്‍ക്കായുള്ള തന്റെ ജീവകാരുണ്യ സ്ഥാപനം ലിവ്‌സ്‌ട്രോങ്ങിന്റെ തലപ്പത്തുനിന്ന് ആംസ്‌ട്രോങ് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് നൈക്കിയുടെ തീരുമാനം.
ടെസ്റ്റിക്കുലര്‍ കാന്‍സറില്‍നിന്ന് മുക്തനായി സൈക്ലിങ്ങിലെത്തിയ ആംസ്‌ട്രോങ് 1997ലാണ് കാന്‍സര്‍ രോഗികള്‍ക്കായി ലിവ്‌സ്‌ട്രോങ് എന്ന ജീവകാരുണ്യസ്ഥാപനത്തിന് തുടക്കമിട്ടത്.
ഇതിനകം 2,700 കോടിയോളം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടന സമാഹരിച്ചിട്ടുണ്ട്. തനിക്കെതിരെയുയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കുന്നതിനുവേണ്ടിയാണ് ആംസ്‌ട്രോങ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.