കുറ്റ്യാടി: പള്ളിക്കുള്ളില്‍വെച്ച് വരനൊപ്പം വധുവിനേയും പങ്കെടുപ്പിച്ച് നിക്കാഹ് നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിലുള്ള മഹല്ല് കമ്മിറ്റി. പള്ളിയിലെ നിക്കാഹ് വേദിയില്‍ വധുവിനെ പ്രവേശിപ്പിച്ചത് മഹല്ല് കമ്മിറ്റി അംഗീകരിക്കുന്നില്ലെന്നും മഹല്ല് ജനറല്‍ സെക്രട്ടറി സ്വന്തം നിലക്ക് അനുവാദം നല്‍കിയത് വലിയ വീഴ്ചയാണെന്നും മഹല്ല് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
മസ്ജിദിലേക്കുള്ള പ്രവേശനാനുമതി ഏതെങ്കിലും പണ്ഡിതനില്‍ നിന്നോ, കമ്മിറ്റിയില്‍ നിന്നോ, കമ്മിറ്റി അംഗങ്ങളില്‍ നിന്നോ ജനറല്‍ സെക്രട്ടറിക്ക് ലഭിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ വീഴ്ച പറ്റിയെന്ന് മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി സമ്മതിച്ചുവെന്നും അത് കമ്മിറ്റി മുഖവിലക്കെടുന്നുവെന്നും പ്രസ്താവയില്‍ പറഞ്ഞു.
എന്നാല്‍, മുതിര്‍ന്ന പണ്ഡിതരോട് അഭിപ്രായം ചോദിച്ചിരുന്നുവെന്നും ഇവരില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് വധുവിന് മസ്ജിദില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതെന്നുമായിരുന്നു മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നത്.
കോഴിക്കോട് കുറ്റ്യാടിയിലെ പാലേരി പാറക്കടവ് മഹല്ല് കമ്മിറ്റി നടപടിക്ക് സോഷ്യല്‍ മീഡിയയിലടക്കം നേരത്തെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സാധാരണ ഗതിയില്‍ നിക്കാഹിന് വരനും പിതാവുമായിരിക്കും മസ്ജിദിലുണ്ടാകുക. ഇസ്‌ലാമിക വിശ്വാസ പ്രകാരം മസ്ജിദില്‍ പൊതുവെ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുമതിയില്ല.