നിജ്ജര്‍ വധം; മോദിക്ക് പങ്കുണ്ടെന്ന ആരോപണം തള്ളി കനേഡിയന്‍ സര്‍ക്കാര്‍
World News
നിജ്ജര്‍ വധം; മോദിക്ക് പങ്കുണ്ടെന്ന ആരോപണം തള്ളി കനേഡിയന്‍ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2024, 4:39 pm

ഒട്ടാവ: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍.

നിജ്ജറിന്റെ കൊലപാതകം നടന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണെന്നും മോദിക്കും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലിനും കൊലപാതക വിവരം അറിയാമായിരുന്നെന്നും ഒരു കനേഡിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയാണ് കനേഡിയന്‍ സര്‍ക്കാര്‍ തള്ളിയിരിക്കുന്നത്.

കനേഡിയന്‍ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നതാലി ജി ഡ്രൂയിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ കേവലം ഊഹപോഹങ്ങള്‍ മാത്രമാണെന്നും അവയില്‍ യാതൊരു കൃത്യതയില്ലെന്നും വ്യക്തമാക്കി.

കാനഡയ്ക്കുള്ളിലെ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി പ്രധാനമന്ത്രി മോദിയെയോ മന്ത്രി ജയശങ്കറിനെയോ എന്‍.എസ്.എ ഡോവലിനെയോ ബന്ധപ്പെടുത്തുന്ന തെളിവുകളെ കുറിച്ച് കാനഡ സര്‍ക്കാര്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല, അവര്‍ക്ക് ഇതില്‍ യാതൊരു അറിവുമില്ല. ഇത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ വസ്തുതയ്ക്ക് വിരുദ്ധമാണ്,’ നതാലി ജി ഡ്രൂയിന്റെ പ്രസ്താവനയില്‍ പറയുന്നു.

കനേഡിയന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടിനെ ഇന്ത്യ ശക്തമായി അപലപിച്ചതിന് പിന്നാലെയാണ് കനേഡിയന്‍ സര്‍ക്കാരിന്റെ പ്രസ്താവന എത്തിയത്.

ഇത്തരം റിപ്പോര്‍ട്ടുകള്‍ അര്‍ഹിക്കുന്ന അവഹേളനത്തോടെ തള്ളിക്കളയണന്നാണ്‌ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞത്. ഇത്തരം ‘അപവാദ പ്രചാരണങ്ങള്‍’ വീണ്ടും വീണ്ടും നടത്തി ഇതിനകം വഷളായ ബന്ധങ്ങളെ കൂടുതല്‍ തകര്‍ക്കുക മാത്രമാണ് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു.

നിജ്ജറിന്റെ കൊലപാതകത്തിലെ ഇന്ത്യയുടെ പങ്കിനെ സംബന്ധിച്ച് ശക്തമായ തെളിവുകള്‍ കനേഡിയന്‍ അധികൃതരുടെ കൈയില്‍ ഉണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അകാശപ്പെട്ടത്. എന്നാല്‍ ഈ അവകാശവാദങ്ങള്‍ അസംബന്ധമാണെന്ന് പറഞ്ഞ് ഇന്ത്യന്‍ സര്‍ക്കാര്‍ അന്ന് തന്നെ തള്ളിക്കളഞ്ഞിരുന്നു.

Content Highlight: Nijjar’s  massacre; The Canadian government has denied the allegation of Modi’s involvement