നിജ്ജാര്‍ വധം; കാനഡയുമായി സഹകരിക്കാന്‍ ഇന്ത്യ തയ്യാറായോ: പ്രതികരണവുമായി യു.എസ് പ്രതിനിധി
വാഷിങ്ടണ്‍: ഖാലിസ്ഥാന്‍ നേതാവ് ഹര്‍ഷ്ദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട വിഷയം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടികാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി യു.എസ് പ്രതിനിധി മാത്യു മില്ലര്‍.
ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിജ്ജാറിന്റെ മരണം ചര്‍ച്ചയായില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയില്‍ നജ്ജാറിന്റെ മരണം ചര്‍ച്ചയായതായി യു.എസ് പ്രതിനിധി വ്യക്തമാക്കിയത്.
‘കഴിഞ്ഞാഴ്ച വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നിജ്ജാര്‍ വധവുമായി ബന്ധപ്പെട്ട വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എ.സ് ജയശങ്കറുമായി സംസാരിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ കാനഡയോട് ഇന്ത്യ സഹകരിക്കണമെന്ന് അമേരിക്ക പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക കാനേഡിയന്‍ പ്രതിനിധികളുമായി വിഷയത്തില്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അതില്‍ ഇന്ത്യയാണ് പ്രതികരിക്കേണ്ടതെന്നായിരുന്നു മില്ലറുടെ മറുപടി.
‘ ഈ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരാണ് അവരുടെ ഭാഗം വ്യക്തമാക്കേണ്ടത്. ഞാന്‍ സംസാരിക്കുന്നത് യു.എസിന് വേണ്ടിയാണ്. വിഷയത്തില്‍ ഇന്ത്യയുടെ സഹകരണം ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്,’ മില്ലര്‍ പറഞ്ഞു.
നിജ്ജാര്‍ വധത്തില്‍ ഇന്ത്യക്കു പങ്കുണ്ടന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം ഇന്ത്യ-കാനഡ നയന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.
ഇന്ത്യ ത്രീവ്രവാദിയായി കണക്കാക്കുന്ന നിജ്ജാര്‍ ഇക്കഴിഞ്ഞ 18നാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെടിയേറ്റ് മരിച്ചത്.
ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുകള്‍ക്ക് നിജ്ജാര്‍ വധത്തില്‍ പങ്കുണ്ടെന്ന് കനേഡിയന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തിയതായി ട്രൂഡോ പാര്‍ലിമെന്റെിലെ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇന്ത്യ ഇത് നിഷേധിക്കുകയായിരുന്നു. നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട യാതൊരു തെളിവും കാനഡ കൈമാറിയിട്ടില്ലെന്നായിരുന്നു ഇന്ത്യ പ്രതികരിച്ചത്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ കാനഡയുടെ കൈയില്‍ തെളിവുകളുണ്ടെന്ന് കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങള്‍ കാനഡയ്ക്ക് ലഭിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
നിലവിലെ പ്രശ്‌നത്തില്‍ കാനഡയുടെ പ്രതികരണങ്ങള്‍ ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്ന് എസ്.ജയശങ്കര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
തീവ്രവാദികളോട് കാനഡയ്ക്ക് അനുകൂല മനോഭാവമാണെന്നും കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ എംബസിയിലോ കോണ്‍സുലേറ്റിലോ പോകുമ്പോള്‍ സുരക്ഷിതരല്ലെന്നും വിസ നിര്‍ത്തിവെക്കാനുള്ള സാഹചര്യം അതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Nijjar killing Has India agreed to ‘cooperate’ with Canada? US official responds