വിനായകനല്ലാതെ ഒന്നുമില്ല; മുഖ്യാധാര ആക്ഷന്‍ സിനിമകള്‍ പരീക്ഷണം നടത്തുന്നത് വയലന്‍സില്‍
Discourse
വിനായകനല്ലാതെ ഒന്നുമില്ല; മുഖ്യാധാര ആക്ഷന്‍ സിനിമകള്‍ പരീക്ഷണം നടത്തുന്നത് വയലന്‍സില്‍
നിജാസ്
Saturday, 19th August 2023, 5:33 pm

വിനായകന്‍ തകര്‍ത്തഭിനയിച്ചു എന്നത് നേര്. ആകെ മുതലായതും ആ ഒരു കാഴ്ച്ച മാത്രമാണ്. അതൊഴിച്ചാല്‍ എന്തൊരു മോശം പടമാണ് എന്ന ചോദ്യമാണ് തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ മനസില്‍ അവശേഷിച്ചത്. വയലന്‍സിന്റെ കടുംകൈകളാണ് ആദ്യന്തം ഈ സിനിമ. ആക്ഷന്‍ ഴോണറിലുള്ള ഇന്ത്യന്‍ മുഖ്യധാരാ സിനിമകള്‍ വയലന്‍സിലാണ് പരീക്ഷണം നടത്തുന്നത് എന്നു തോന്നും. അതുവരെ കണ്ട വയലന്‍സിനെ മറികടക്കുന്ന ഒരു വയലന്‍സിനെ എങ്ങനെ സൃഷ്ടിക്കാം, എങ്ങനെ തൃപ്തിപ്പെടുത്താം എന്ന ചിന്തയില്‍ പിറവിയെടുക്കുന്നതാണ് ഓരോ ആക്ഷന്‍ ഡ്രാമയുടെയും പുതുമ എന്നുറച്ചു വിശ്വസിക്കുന്ന സിനിമാ നിര്‍മാതാക്കള്‍.

എനിക്കു തോന്നുന്നത്, നിരന്തരം ക്രിമിനല്‍വല്‍ക്കരിക്കപ്പെടുകയും അപരന്റെ ജീവിതത്തിലേക്ക് അതിതീവ്ര അക്രമ പരീക്ഷണങ്ങളിലൂടെ കടന്നുകയറുകയും ചെയ്യുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നവഫാസിസം അതിന്റെ പ്രതിധ്വനി എന്ന നിലയിലോ അല്ലെങ്കില്‍ നേരേ തിരിച്ചോ സിനിമയിലെ വയലന്‍സുമായി പരസ്പരാശ്രിതത്വം പുലര്‍ത്തുന്നുണ്ട്.

കുറച്ചു കാലങ്ങളായി വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളിലെ അക്രമാത്മക നായകത്വം ഇന്ത്യന്‍ ഫാസിസവുമായി ഒരേ സമൂഹ മനസ് പങ്കിടുന്നുണ്ട്. എത്ര അക്രമ വാര്‍ത്തകളേറ്റു കിടുങ്ങിയാലും മടുക്കാതെ അതിലും വലിയൊരക്രമത്തിന് കാതോര്‍ക്കുന്ന മനസിനെ ഇതുപോലുള്ള മാസ് പടങ്ങള്‍ തൃപ്തിപ്പെടുത്തുന്നുണ്ടാവണം. രാഷ്ട്രീയത്തിലും സമാനമായി, എത്രയൊക്കെ ഹിംസകളേറ്റുവാങ്ങിയാലും ഭരണ വൈകല്യങ്ങളില്‍ പതിതരായാലും പിന്നെയും അതേ ഫാസിസത്തിനു തന്നെ വോട്ടു നല്‍കി ജയിപ്പിക്കുന്ന മാനസികാവസ്ഥ.

വിനായകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാര്യത്തിലും അതിന്റെ കാസ്റ്റിങ്ങിലും ഒരു സവര്‍ണ്ണ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നു സംശയിക്കുകയാണ്. കഥാപാത്രത്തിന്റെ വര്‍മന്‍ എന്ന പേര് ഒരു ദ്വിജ ജാതിപ്പേരിനെ അനുസ്മരിപ്പിക്കുന്നുണ്ടെങ്കിലും, കോസ്റ്റ്യൂമിലും കഥാപാത്രത്തിന്റെ ജീവിത പരിസരത്തിലും വര്‍മന്‍ അവര്‍ണനോ ദളിതനോ ആണെന്ന പ്രതീതി സിനിമ നിലനിര്‍ത്തുന്നുണ്ട്. അങ്ങനെയൊരു പരിസരത്തില്‍ നിര്‍ത്തിക്കൊണ്ടാണെങ്കിലും അങ്ങേയറ്റത്തെ വില്ലത്തരവും അക്രമവും കൊലകളും നടത്തി പ്രതിനായക ഊര്‍ജ്ജത്തിന്റെ കൊടുമുടി കയറുന്ന വിനായകന്റെ കഥാപാത്രത്തെ പൊടുന്നനെ ഭിക്ഷ യാചിപ്പിക്കുന്ന (സിനിമയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘തെണ്ടിപ്പിക്കുന്ന’) പണി ചെയ്യിക്കുന്നുണ്ട് സംവിധായകന്‍. അതും നായകന്റെ കുടുംബത്തിലെ കൊച്ചുകുട്ടിയുടെ മുന്നില്‍ വരെ. നീ അവര്‍ക്കു മുന്നില്‍ പത്തു രൂപയ്ക്ക് തെണ്ടിക്കാണിക്ക് എന്ന് നായകന്‍ കല്‍പ്പിക്കുകയാണ്.

മറ്റൊന്ന്, വിനായകന്റെ കഥാപാത്രത്തിന്റെ ഒരേയൊരു മോഹം (അതിമോഹം) ഏതോ ഒരു ക്ഷേത്ര നിലവറയില്‍ സൂക്ഷിക്കുന്ന രാജകിരീടം അപഹരിക്കുക, തലയില്‍ ചൂടുക എന്നതാണ്. അതിനു വേണ്ടിയുള്ള മിഷനാണ് ഇന്റര്‍വലിനു ശേഷമുള്ള സീനുകളെല്ലാം. ഒടുവില്‍ നായകകഥാപാത്രം ചിട്ടപ്പെടുത്തിയ ഫെയ്ക് ഓപ്പറേഷനിലൂടെ സംഘടിപ്പിച്ചു നല്‍കുന്ന ഒരു ഫെയ്ക് കിരീടം തന്റെ തലയില്‍ ചൂടുന്നതായ ചേഷ്ടകള്‍ കാണിച്ച് കാണികള്‍ക്കു മുന്നില്‍ കബളിപ്പിക്കപ്പെട്ടവനും പരാജിതനുമാവേണ്ട ഗതിയാണ് (വ്യാജ)’വര്‍മ’യ്ക്കുള്ളത്. ഇത് എന്തുദ്ദേശ്യത്തോടെ തയ്യാറാക്കപ്പെട്ട പാത്രസൃഷ്ടിയും കാസ്റ്റിങ്ങുമാണ്. വേണ്ടിവന്നാല്‍ താന്‍ കിരീടവും വെച്ച് ഫെറാരിയില്‍ വന്നിറങ്ങും എന്നും അയ്യന്‍കാളിയുടെ അനുയായിയാണ് താനെന്നും അചഞ്ചലമായി പ്രഖ്യാപിച്ച വിനായകനു നേരെയുള്ള സവര്‍ണ ഗൂഢാലോചനയാണെന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.

തമിഴില്‍ ജാതി ഹിംസയ്‌ക്കെതിരേ എണ്ണമറ്റ സോഷ്യോ-പൊളിറ്റിക്കല്‍ സിനിമകള്‍ പിറവികൊണ്ട വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ അതിനെ അട്ടിമറിക്കുന്ന കണ്ടന്റുകള്‍ ഒളിച്ചു കടത്തുക എന്നുള്ളത് സവര്‍ണ രാഷ്ട്രീയത്തിന്റെ താല്‍പര്യമായിരിക്കണമല്ലോ. വര്‍മ്മ എന്നു പേരിട്ട് വിനായകനെ മണ്ണിനടിയില്‍ താവളമൊരുക്കിയവനും കൊടിയ ക്രൂരതയുടെ പ്രതീകവുമായി വാര്‍ത്തെടുക്കുകയും എന്നാല്‍ അതിലും കൊടിയ (നായകന്റെ) ക്രൂരതയ്ക്കു മുമ്പില്‍ നിസഹായനും ദീനനുമായ ഭാവങ്ങള്‍ മുഖത്ത് മിന്നിമറയുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ചത് യാദൃശ്ചികമായിരിക്കില്ല. എന്നാല്‍ അങ്ങനെയൊരു കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നതില്‍ വിനായകനിലെ നടന്‍ അതിഗംഭീരമായി വിജയിച്ചിരിക്കുന്നു.

Content Highlight: Nijas’s write up on Jailer Movie