ബെംഗളൂരു: കര്‍ണാടകയില്‍ ബെംഗളൂരു നഗരമധ്യത്തിലുള്ള മല്ലേശ്വരത്ത് കനത്ത മഴയിലും വെള്ളക്കെട്ടിലും ജ്വല്ലറിയിലെ രണ്ടര കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ട്. ഞായറാഴ്ച പകല്‍ നയന്‍ത് ക്രോസിലെ നിഹാന്‍ എന്ന ജ്വല്ലറിയിലാണ് ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍ ഉണ്ടായത്. സംഭവത്തിന്റെ നടുക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ ജ്വല്ലറിയുടെ ഷട്ടര്‍ പോലും അടക്കാന്‍ കഴിയാതിരുന്നതാണ് വിനയായത്. ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷിക്കാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതിന്റെ 80 ശതമാനത്തോളം കുത്തിയൊലിച്ചെത്തിയ വെള്ളം കവര്‍ന്നെടുത്തെന്നാണ് റിപ്പോര്‍ട്ട്.
കുത്തിയൊലിച്ചെത്തിയ മഴവെള്ളം ജ്വല്ലറിയുടെ പിന്‍ഭാഗത്തെ വാതില്‍ വഴി പുറത്തേക്ക് ഒഴുകി പോകുകയായിരുന്നു. ഷോക്കേസില്‍ വെച്ചിരുന്ന ആഭരണങ്ങളും മഴവെള്ളത്തില്‍ ഒഴുകിപ്പോയിട്ടുണ്ട്.
ശക്തമായ ഒഴുക്കില്‍ മാലിന്യങ്ങളും ഒഴുകിയെത്തിയതോടെ ഉടമയും ജീവനക്കാരും ഓടിരക്ഷപ്പെടുകയായിരുന്നു. കനത്ത മഴയ്ക്ക് പിന്നാലെ ജ്വല്ലറിയിലേക്ക് വരിവെള്ളം കുത്തിയൊലിച്ച് വരികയായിരുന്നുവെന്നും സ്വന്തം ജീവന്‍ രക്ഷിക്കുന്നതിനാണ് ജീവനക്കാര്‍ മുന്‍ഗണന നല്‍കിയതെന്നും ജ്വല്ലറി ഉടമ പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
പെട്ടികളില്‍ എടുത്തുവെച്ച സ്വര്‍ണം പോലും ഒഴുകിപ്പോകുന്നത് നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂവെന്നും ഉടമ അറിയിച്ചു. ഷോക്കേല്‍ക്കുമെന്ന ഭയം കാരണമാണ് ആരും വെള്ളത്തിലേക്ക് ഇറങ്ങാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ ഓടകളും അഴുക്ക് ചാലുകളും നവീകരിച്ചിരുന്നു. ഈ നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് നാശനഷ്ടത്തിന് കാരണമെന്ന് ജ്വല്ലറി ഉടമ പരാതിപ്പെട്ടു. ജീവനക്കാര്‍ ചേര്‍ന്ന് അഴുക്ക് വെള്ളത്തില്‍ നിന്ന് ആഭരണങ്ങള്‍ തിരയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. അതേസമയം, ബെംഗളൂരു നഗരത്തില്‍ വേനല്‍മഴ ശക്തമായതിന് പിന്നാലെ രണ്ട് പേരാണ് വെള്ളക്കെട്ടില്‍ കുടുങ്ങി മരിച്ചത്. സംസ്ഥാനത്താകെ ഏഴ് പേരും മഴക്കെടുതിയില്‍ മരിച്ചിട്ടുണ്ട്.