| Friday, 22nd March 2024, 2:25 pm

കോഴിക്കോട് എന്‍.ഐ.ടിയില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍; ക്യാമ്പസ് ഉപരോധിച്ച് വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയിലെ രാത്രികാല നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് ഉപരോധിച്ചു. ജീവനക്കാരെയും അധ്യാപകരെയും ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കാതെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.

രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന നിര്‍ദേശത്തിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. പിന്നാലെ കോളേജ് അധിക്യതര്‍ വിദ്യാര്‍ത്ഥികളെ ചര്‍ച്ചക്കായി വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഉത്തരവ് കോളേജ് അധികൃതര്‍ പുറപ്പെടുവിച്ചത്.

അന്ന് തന്നെ ക്യാമ്പസിനകത്ത് ചെറിയ പ്രതിഷേധങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നു. ചര്‍ച്ച ചെയ്യാതെയാണ് ഇത്തരമൊരു തീരുമാനം അധികൃതര്‍ എടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. നിലവില്‍ ക്യാമ്പസിന്റെ ഗേറ്റ് പൂട്ടിയിട്ട് അധ്യാപകരെയടക്കം ആരെയും അകത്തേക്ക് കയറ്റാതെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.

അടുത്തിടെ, ക്യാമ്പസിനകത്ത് മലയാള പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേളേജ് അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ മലയാള പത്രങ്ങള്‍ വിതരണം ചെയ്യേണ്ടതില്ലെന്ന് അധികൃതര്‍ ഏജന്റുമാരെ അറിയിക്കുകയായിരുന്നു.

ക്യാമ്പസില്‍ പത്രങ്ങള്‍ക്ക് വായനക്കാരില്ലാത്തതാണ് തീരുമാനത്തിന് കാരണമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ മലയാള പത്രങ്ങള്‍ വായിക്കുന്നത് തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിക്കുകയായിരുന്നു.

Content Highlight: night restrictions at Kozhikode NIT; Students besieged the campus

We use cookies to give you the best possible experience. Learn more