ദുരന്തമുഖത്ത് രാത്രി പൊലീസ് പട്രോളിങ്; സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി
Kerala News
ദുരന്തമുഖത്ത് രാത്രി പൊലീസ് പട്രോളിങ്; സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2024, 10:46 pm

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരല്‍മലയിലും രാത്രികാല പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തി. ദുരന്ത ബാധിതരുടെ വീടുകളിലും ദുരന്തമുഖത്തും അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് അറിയിപ്പ്. ദുരന്തമുഖത്തേക്കുള്ള ആളുകളുടെ ഇടിച്ചുകയറലില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചതിന് പിന്നാലെയാണ് നടപടി.

അറിയിപ്പ് പ്രകാരം പൊലീസിന്റെ അനുമതിയില്ലാതെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായോ അല്ലാതെയോ ഈ പ്രദേശങ്ങളിലേക്ക് ആര്‍ക്കും കടക്കാന്‍ കഴിയില്ല. അതിക്രമിച്ച് കടക്കുന്നപക്ഷം അവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തനം നടക്കുന്ന ഇടങ്ങളിലേക്ക് ഭക്ഷണം നല്‍കാനാണെന്ന് പറഞ്ഞ് ആളുകള്‍ ഇടിച്ചുകയറുകയാണെന്നാണ് മന്ത്രി പറഞ്ഞത്. അത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

‘കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ പോലും രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങുന്ന അവസ്ഥയാണ് നിലവില്‍. അവരുടെ മാനസികാവസ്ഥ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. അവരുടെ മുമ്പിലേക്കാണ് ഡാര്‍ക്ക് ടൂറിസത്തിന് സമാനമായി ക്യാമറകളുമായി ആളുകള്‍ എത്തുന്നത്. ഈ സാഹചര്യത്തെ സര്‍ക്കാര്‍ ശക്തമായി പ്രതിരോധിക്കും,’ എന്നാണ് മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം മുണ്ടക്കൈയിലും ചൂരല്‍മലയിലും രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമായി എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. സന്നദ്ധ പ്രവര്‍ത്തകരുടെ സുരക്ഷ ഉള്‍പ്പെടെ മുന്‍നിര്‍ത്തിയാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്.

ഞായറാഴ്ച രാവിലെ 6.30 മുതല്‍ ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപം റവന്യു വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കൗണ്ടറുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമാണ് ദുരന്തബാധിത മേഖലകളിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ടീം ലീഡറുടെ പേരും വിലാസവും രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും വയനാട് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Content Highlight: Night police patrolling in Mundakai and Churalmala where landslides occurred in Wayanad