ലോകമെമ്പാടുമുള്ള 88,000 പേരടങ്ങിയ സംഘത്തില്‍ നിന്നും മത്സരിച്ചു ജയിച്ചാണ് ഈ സഹോദരങ്ങള്‍ ഡ്രാക്കുള കോട്ടയില്‍ ഒരു രാത്രി തങ്ങാനുള്ള അവസരം നേടിയെടുത്തത്. 70 വര്‍ഷത്തിനിപ്പുറം കോട്ടയില്‍ രാത്രിയില്‍ കിടന്നുറങ്ങുന്ന ആദ്യത്തെ വ്യക്തികളാണിവര്‍.
ട്രാന്‍സില്‍വാനിയ: ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുളക്കഥ വായിച്ചവര്‍ക്ക് ഡ്രാക്കുളക്കോട്ട സുപരിചിതമായിരിക്കും. പേടിസ്വപ്‌നമായ ആ കോട്ടയില്‍ ഒരു രാത്രി തങ്ങുന്നത് ചുമ്മാ ഒന്ന് ആലോചിച്ച് നോക്കൂ. എന്നാല്‍ ധീരമായി അത്തരം ഒരു കാര്യത്തെ നേരിട്ട സഹോദരങ്ങളെ കുറിച്ചാണ് ഇനി വായിക്കാന്‍ പോകുന്നത്.
ഹംഗറിക്ക് സമീപമുള്ള റുമേനിയന്‍ പ്രദേശമായ ട്രാന്‍സില്‍വാനിയയിലെ പ്രശസ്തമായ ബ്രാന്‍ കാസില്‍ ആണ് ഡ്രാക്കുള കോട്ട എന്ന പേരില്‍ അറിയപ്പെടുന്നത്. ഒട്ടാവാ സ്വദേശികളായ താമി വര്‍മ്മയും സഹോദരന്‍ റോബിനുമാണ് ആ ഡ്രാക്കുള കോട്ടയില്‍ ഒരു രാത്രി തങ്ങിയത്. അതും ലോകമെമ്പാടുമുള്ള 88,000 പേരടങ്ങിയ സംഘത്തില്‍ നിന്നും മത്സരിച്ചു ജയിച്ചാണ് ഈ സഹോദരങ്ങള്‍ ഡ്രാക്കുള കോട്ടയില്‍ ഒരു രാത്രി തങ്ങാനുള്ള അവസരം നേടിയെടുത്തത്. 70 വര്‍ഷത്തിനിപ്പുറം കോട്ടയില്‍ രാത്രിയില്‍ കിടന്നുറങ്ങുന്ന ആദ്യത്തെ വ്യക്തികളാണിവര്‍.
ഡ്രാക്കുള എന്ന കഥാപാത്രത്തിന് കാരണമായ ക്രൂരനായ റൊമാനിയന്‍ രാജാവ് വ്‌ളാഡ് ഇംപാലര്‍ അഥവാ വ്‌ളാഡ് ഡ്രാക്കുളയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ബ്രാന്‍ കാസിലിന് ആ പേരു ലഭിച്ചത്. ഹാലോവീന്‍ ദിനത്തിന്റെ അന്ന് രാത്രിയിലാണ് ഇരുവരും കുന്നിന്‍മുകളിലുള്ള ആ ഡ്രാക്കുള കോട്ടയിലേക്ക് എത്തിയത്.
ഈ പ്രേതാലയത്തിലേക്ക് ഇരുവരെയും സ്വീകരിച്ചത് വിശ്വവിഖ്യാത നോവല്‍ ഡ്രാക്കുളയുടെ സൃഷ്ടാവ് ബ്രാം സ്റ്റോക്കറുടെ മരുമകന്‍ ഡേകര്‍ സ്റ്റോക്കറായിരുന്നു. കോട്ടയില്‍ കടക്കുംമുമ്പായി ചില നിബന്ധനകളും ഇവര്‍ക്ക് പാലിക്കേണ്ടതായിട്ടുണ്ടായിരുന്നു. വെളുത്തുള്ളി, വെള്ളി, കുരിശ് എന്നിവ കോട്ടയ്ക്കുള്ളില്‍ കര്‍ശനമായും നിരോധിച്ചിരിക്കും. സൂര്യാസ്തമനത്തിനു മുമ്പായി കര്‍ട്ടനുകളെല്ലാം താഴ്ത്തിയിട്ടിരിക്കുകയും വേണം.
കോട്ടയില്‍ ഗംഭീരമായി അലങ്കരിച്ചു വച്ച രണ്ടു ശവപ്പെട്ടികളിലാണ് ടാമി വര്‍മയും സഹോദരന്‍ റോബിനും ആ രാത്രി കിടന്നുറങ്ങേണ്ടിയിരുന്നത്. ആ രാത്രി ഏറെ ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് താമി ഓര്‍ക്കുന്നു. ഈ ലോകത്തില്‍ നിന്നും വ്യത്യസ്തമാണ് കോട്ടയിലെ അവസ്ഥ. എങ്ങും നായ്ക്കളുടെ ഓരിയിടല്‍ മാത്രം സദാ മൂടപ്പെട്ടു തെളിച്ചമില്ലാതെ കിടക്കുന്ന ആകാശം. ചുവരുകളിലെല്ലാം നിങ്ങള്‍ക്കു പിശാചുക്കളുടെ സാന്നിധ്യം അനുഭവപ്പെടും, നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നു തിരിച്ചറിയും. ജീവിച്ചിരിക്കുന്ന രണ്ടു അതിഥികള്‍ തങ്ങള്‍ മാത്രമായിരുന്നെങ്കിലും കാണാന്‍ കഴിയാത്ത അദൃശ്യരായ ഒട്ടേറെ മറ്റ് അതിഥികളും തീര്‍ച്ചയായും അവിടെ ഉണ്ടായിരിക്കുമെന്നും താമി പറയുന്നു.