അബൂജ: സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ പണമിടപാടുകൾക്ക് സ്വകാര്യ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചതിന് കേന്ദ്ര മനുഷ്യാവകാശ, ദാരിദ്ര്യ നിർമാർജന വകുപ്പ് മന്ത്രിയെ സസ്പെൻഡ് ചെയ്ത് നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു.
മനുഷ്യാവകാശ മന്ത്രി ബെറ്റ എഡുവിനെ അടിയന്തിരമായി സസ്പെൻഡ് ചെയ്യുകയാണെന്നും മന്ത്രാലയത്തിന്റെ മുഴുവൻ പണം ഇടപാടുകളെക്കുറിച്ചും അഴിമതി വിരുദ്ധ ഏജൻസി അന്വേഷിക്കുകയാണെന്നും പ്രസിഡന്റിന്റെ വക്താവ് അജൂരി ഇങ്കലാലെ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
നൈജീരിയയിലെ മുഴുവൻ സാമൂഹ്യനിക്ഷേപ പദ്ധതികളിലേക്കും അന്വേഷണം നീളുമെന്നും പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തെ അഴിമതികൾ ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്ത ബോല ടിനുബു കഴിഞ്ഞ വർഷമാണ് അധികാരത്തിൽ എത്തിയത്. അതേസമയം ടിനുബുവിന്റെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളെ കുറിച്ചും സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും ദീർഘനാളായി ചോദ്യങ്ങൾ അവശേഷിക്കുകയാണ്.
പ്രസിഡന്റായി ചുമതലയേറ്റ് ഒരു മാസത്തിനകം ക്രമക്കേട് ചൂണ്ടിക്കാട്ടി എക്കണോമിക് ആൻഡ് ഫിനാൻഷ്യൽ ക്രൈംസ് കമ്മീഷൻ (ഇ.എഫ്.സി.സി) മേധാവിയെ ടിനുബു സസ്പെൻഡ് ചെയ്തിരുന്നു.
നൈജീരിയയുടെ വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സമഗ്രതയും സുതാര്യതയും ഉത്തരവാദിത്വവും ഉയർത്തിപ്പിടിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇ.എഫ്.സി.സി മേധാവിയെ സസ്പെൻഡ് ചെയ്തതെന്ന് ടിനുബു പറഞ്ഞിരുന്നു.
പാവപ്പെട്ട ജനങ്ങൾക്കായി അനുവദിച്ച 6,63,000 ഡോളർ സ്വകാര്യ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുവാൻ എഡുവിന്റെ ഓഫീസിൽ നിന്ന് നിർദേശിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിയെ സസ്പെൻഡ് ചെയ്തത്.
എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തീരുമാനമെടുത്തതെന്നും തെറ്റൊന്നും ചെയ്തിട്ടില്ല എന്നും മന്ത്രി അറിയിച്ചു.
സർക്കാരിന്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ദശലക്ഷക്കണക്കിന് ആളുകൾ കടുത്ത ദാരിദ്ര്യം നേരിടുമ്പോൾ കോടിക്കണക്കിന് രൂപയുടെ ഗ്രാൻഡ് പദ്ധതിക്കായി സ്വകാര്യ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിനെതിരെ നിരവധി പേർ പ്രതിഷേധിക്കുകയും മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlight: Nigerian president suspends humanitarian minister in corruption scandal