| Tuesday, 5th December 2023, 6:22 pm

വിമതർക്കെതിരെ നൈജീരിയൻ സേനയുടെ ഡ്രോൺ ആക്രമണം; ലക്ഷ്യം മാറി 85 സിവിലിയന്മാർ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബൂജ: വിമതർക്കെതിരെ നൈജീരിയൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ ലക്ഷ്യം മാറി 85 സിവിലിയന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

തീവ്രവാദികളെയും സായുധ സംഘങ്ങളെയും ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണം നടത്തിയതെന്നും അബദ്ധത്തിൽ സിവിലിയന്മാർ കൊല്ലപ്പെടുകയായിരുന്നുവെന്നും നൈജീരിയയിലെ കാതുന സംസ്ഥാനത്തെ ഗവർണർ ഉബ സനി പറഞ്ഞു.

കാതുനയിലെ ഇഗാബി കൗൺസിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന തുടുൻ ബിരി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. പ്രവാചകൻ മുഹമ്മദിന്റെ പിറന്നാൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ഒത്തുചേർന്ന മുസ്‌ലിങ്ങൾക്കെതിരെയായിരുന്നു സൈന്യത്തിന്റെ ആക്രമണം നടന്നത്.

ഇതുവരെ 85 മൃതശരീരങ്ങൾ സംസ്കരിച്ചുവെന്നും തിരച്ചിൽ തുടരുകയാണെന്നും ദേശീയ എമർജൻസി മാനേജ്മെന്റ് ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം സംഭവസ്ഥലത്തെ വളണ്ടിയർമാരുടെയും പ്രവർത്തകരുടെയും റിപ്പോർട്ടുകൾ ഉദ്ധരിച്ച് 120 പേർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ നൈജീരിയ ഓഫീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരിൽ കൂടുതലും കുട്ടികളാണെന്നും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി വരികയാണെന്ന് മെസ്സി ഇന്റർനാഷണലിന്റെ നൈജീരിയ ഡയറക്ടർ ഇസ സാനുസി വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

നൈജീരിയയിലെ പ്രശ്നബാധിത മേഖലകളിൽ പ്രദേശവാസികൾക്കെതിരെ നടക്കുന്ന ബോംബാക്രമണങ്ങളിൽ ഏറ്റവും പുതിയ സംഭവമാണ് ഇത്. 2014 ഫെബ്രുവരിക്കും 2022 സെപ്റ്റംബറിനുമിടയിൽ ഇത്തരം 14 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

വിമത ആക്രമണങ്ങളിൽ നൈജീരിയയുടെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളും മധ്യഭാഗങ്ങളും തകർന്നിരുന്നു. സായുധ സംഘങ്ങളുടെ താവളങ്ങൾ തുടർച്ചയായി ലക്ഷ്യമിടുന്ന നൈജീരിയൻ സേനയുടെ വ്യോമാക്രമണത്തിൽ ഗ്രാമവാസികളും കൊല്ലപ്പെടാറുണ്ട്.

ബണ്ടിറ്റുകൾ എന്നറിയപ്പെടുന്ന വിമത സംഘങ്ങൾ ഗ്രാമങ്ങൾ കൊള്ളയടിക്കുകയും മോചന ദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്യുക പതിവാണ്. നേരത്തെ ഒരു ഫൈറ്റർ ജെറ്റും ട്രെയിനും സംഘം ആക്രമിച്ചിരുന്നു.

CONTENT HIGHLIGHT: Nigerian military drone attack kills 85 civilians in error

Latest Stories

We use cookies to give you the best possible experience. Learn more